prasanth-bhooshan

ന്യൂഡൽഹി: പ്രശാന്ത് ഭൂഷണ് എതിരായ കോടതി അലക്ഷ്യ കേസിൽ വാദം കേൾക്കൽ അവസാനിച്ചു. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രശാന്ത് ഭൂഷണിനെതിരെ എന്ത് നടപടി സ്വീകരിക്കണം എന്നതു സംബന്ധിച്ചാണ് ഇന്ന് സുപ്രീംകോടതിയിൽ വാദം നടന്നത്. വാദം കേട്ട കോടതി കേസ് വിധി പറയാനായി മാറ്റിവച്ചു. മാപ്പ് എന്ന വാക്ക് പറയുന്നതിൽ എന്താണ് കുഴപ്പമെന്ന് വാദം കേൾക്കവെ ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു.മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നതിൽ എന്ത് തെറ്റാണുള്ളത്. മാപ്പ് എന്നത് ഒരുപാട് മുറിവുകളെ ഉണക്കാൻ കഴിയുന്ന വാക്കാണ് എന്നും അരുൺമിശ്ര ചൂണ്ടിക്കാട്ടി.

ഒരു രാഷ്ട്രീയക്കാരന്റെ ട്വീറ്റ് പോലെയല്ല അഭിഭാഷകന്റെ ട്വീറ്റെന്ന് കോടതി വ്യക്തമാക്കി. ആരാണ് പ്രശാന്ത് ഭൂഷണ് ഒപ്പമുള്ളത് ആരാണ് എതിർക്കുന്നത് എന്നതൊന്നും കോടതി വിഷയമല്ല. ഭൂഷന്റെ പ്രസ്‌താവനകളും ന്യായീകരണങ്ങളും വേദനാജനകമാണ്. മുപ്പത് വർഷത്തെ പ്രവർത്തനപരിചയമുള്ള ഭൂഷൺ ഇങ്ങനെയല്ല പെരുമാറേണ്ടത്. എല്ലാത്തിനും മാദ്ധ്യമങ്ങൾക്ക് മുമ്പിൽ ഓടി പോകുന്നത് ശരിയല്ല. മുപ്പത് വർഷത്തെ പ്രവർത്തന പരിചയമുള്ള ഭൂഷൺ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. പരസ്‌പരം പഴിചാരൻ നിന്നാൽ ജനങ്ങൾക്ക് ഈ സംവിധാനത്തിലുള്ള വിശ്വാസം നഷ്‌ടപ്പെടും. ഒരു ജഡ്‌ജിയുടെ മാന്യത അഭിഭാഷകനുണ്ടെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

കോടതി ബലംപ്രയോഗിച്ച് മാപ്പുപറയിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷന്റെ അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു. നിരുപാധിക മാപ്പ് മാത്രമേ അംഗീകരിക്കൂ എന്ന ഉത്തരവ് ബലപ്രയോഗമാണ്. കടുത്ത വിമർശനങ്ങൾ നേരിടാൻ തയാറായില്ലെങ്കിൽ സുപ്രീംകോടതി തകരും. നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപെടാൻവേണ്ടി മാപ്പ് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതി അലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകളെ അറ്റോർണി ജനറൽ കെ കെ വേണു​ഗോപാൽ സുപ്രീംകോടതിയിൽ ന്യായീകരിച്ചു. ചില മാറ്റങ്ങൾ ആവശ്യപ്പെടുന്നതാണ് ട്വീറ്റുകൾ. ഇത് പൊറുക്കാവുന്ന വിഷയമാണ്. കോടതി നടപടി താക്കീതിൽ ഒതുക്കണം. ശിക്ഷ വിധിച്ച് പ്രശാന്ത് ഭൂഷണെ രക്തസാക്ഷിയാക്കരുത്. ഈ കേസിൽ പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കേണ്ട ആവശ്യമില്ല. ഭരണപരമായ കാര്യങ്ങളിൽ മാറ്റം ആവശ്യപ്പെടുന്നതിന് ശിക്ഷ നൽകേണ്ട ആവശ്യമില്ലെന്നും എ.ജി കോടതിയിൽ പറഞ്ഞു.

ഒരു തെറ്റും ചെയ്തില്ലെന്ന് പ്രശാന്ത് ഭൂഷൺ പറയുമ്പോൾ എന്തുചെയ്യണം എന്നായിരുന്നു കോടതിയുടെ പ്രതികരണം. തെറ്റ് ചെയ്തില്ലെന്ന് പ്രശാന്ത് ഭൂഷൺ വാദിക്കുമ്പോൾ താക്കീതുകൊണ്ട് എന്തുകാര്യമാണെന്നും കോടതി എ.ജിയോട് ചോദിച്ചു. പ്രശാന്ത് ഭൂഷണിനെതിരെ താനും കോടതി അലക്ഷ്യ കേസ് നൽകിയിരുന്നു എന്ന് എ.ജി പറഞ്ഞു. രേഖകളിൽ തിരിമറി നടത്തി എന്ന ആരോപണത്തിനാണ് ആ കേസ് നൽകിയത്. കേസ് പിന്നീട് പിൻവലിച്ചു. ജനാധിപത്യത്തിൽ ഇത്തരം വിമർശനങ്ങൾ ആവശ്യമാണ്. അനുകമ്പയോടെയുള്ള തീരുമാനം കോടതി എടുത്താൽ അത് ബാറിനും കോടതിയുടെ അന്തസിനും നല്ലതാണ്. പ്രശാന്ത് ഭൂഷണിന്റെ പൊതുവിഷയങ്ങളിലെ ഇടപെടൽ കാണാതെ പോകരുത്. ജനങ്ങൾക്ക് ഒരുപാട് നല്ല കാര്യങ്ങൾ പ്രശാന്ത് ഭൂഷൺ ചെയ്തിട്ടുണ്ട് എന്നും എ.ജി കോടതിയിൽ പറഞ്ഞു.

കേസിന് ആസ്പദമായതുപോലെയുള്ള കാര്യങ്ങൾ ഇനി അതുപോലെ ചെയ്യില്ലെന്ന് പ്രശാന്ത് ഭൂഷൺ പറയട്ടേ എന്നായിരുന്നു കോടതിയുടെ പ്രതികരണം. തുടർന്ന് ഖേദം പ്രകടിപ്പിക്കുന്ന കാര്യം മുപ്പത് മിനിറ്റിനകം പ്രശാന്ത് ഭൂഷണും അഭിഭാഷകൻ രാജീവ് ധവാനും പറയണമെന്നും കോടതി പറഞ്ഞു. ആരോപണങ്ങൾ പിൻവലിച്ചാൽ എ.ജിയുടെ ആവശ്യം അംഗീകരിക്കാമെന്നും കോടതി പറഞ്ഞു. എന്നാൽ ഖേദം പ്രകടിപ്പിക്കാൻ പ്രശാന്ത് ഭൂഷൺ തയ്യാറായില്ല.