തിരുവനന്തപുരം: കൊവിഡിന്റെ പിടിയിലായിരുന്ന നഗരം ഓണത്തിന് നാല് ദിവസം മാത്രം ശേഷിക്കെ തിരക്കിൽ അമർന്നു തുടങ്ങി. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈയാഴ്ച നഗരത്തിൽ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. കടകൾക്ക് പ്രവർത്തനത്തിന് നിയന്ത്രണമുണ്ടെങ്കിലും ഓണക്കാലത്തേക്ക് വേണ്ട സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെ ഓണവിപണിയും ഉഷാറായി. അതോടെ സാമൂഹിക അകലും പലയിടത്തും അപ്രസക്തമായി. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ചാലയിൽ പതിവിലും കൂടുതൽ തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലാത്തരത്തിലുള്ള സാധനങ്ങളും ചാലയിൽ ലഭിക്കുമെന്നതിനാൽ വരുംദിവസങ്ങളിൽ ഇവിടത്തെ തിരക്കേറുമെന്ന് വ്യാപാരികൾ പറഞ്ഞു.
വഴിയോര കച്ചവടം തകൃതി
നഗരത്തിൽ വഴിയോരക്കച്ചവടവും സജീവമായി. സാധാരണ ഓണക്കച്ചവടത്തിനു രണ്ടാഴ്ച മുമ്പുതന്നെ നഗരത്തിൽ വഴിയോരക്കച്ചവടം സജീവമാകുമായിരുന്നു. എന്നാൽ, ഈ വർഷം നഗരത്തിലെ കൊവിഡ് സമൂഹവ്യാപന ഭീഷണയും ലോക്ക് ഡൗണും കച്ചവടം മന്ദഗതിയിലാക്കി. കിഴക്കേക്കോട്ട, പഴവങ്ങാടി, പുത്തരിക്കണ്ടം മൈതാനം എന്നിവിടങ്ങളിൽ വഴിയോരക്കച്ചവടക്കാർ ഇടം പിടിച്ചിട്ടുണ്ട്. ചെറിയ കടകളുടെ മാതൃകയിൽ താത്കാലിക സ്റ്റാൻഡിൽ ഉറപ്പിച്ച വസ്ത്ര വിൽപന കേന്ദ്രങ്ങളാണ് ഓണക്കാലത്ത് നഗരത്തിലെ മറ്റൊരു പ്രധാന കാഴ്ച. നഗരത്തിലെ പ്രധാന കമ്പോളമായ ചാലയിലും വഴിയോരക്കച്ചവടം സജീവമായിത്തുടങ്ങി.
ഓഫറുകളുമായി ഗൃഹോപകരണ വിപണി
നഗരത്തിലെ പ്രധാന ഗൃഹോപകരണ വിൽപന കേന്ദ്രങ്ങളിലും തിരക്കുകൾ ദൃശ്യമായി തുടങ്ങിയിട്ടുണ്ട്. കൊവിഡിനെ തുടർന്നുണ്ടായ നഷ്ടങ്ങളുണ്ടെങ്കിലും കമ്പനികൾ പരമാവധി ഓഫറുകളുമായി ഉപഭോക്താക്കൾക്ക് മുന്നിലെത്തിയിട്ടുണ്ട്. ടെലിവിഷൻ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ,മിക്സി, ഗ്രൈൻഡർ, എ.സി തുടങ്ങിയ ഉത്പന്നങ്ങൾക്കാണ് ഏറ്റവും കൂടുതൽ ഓഫറുകൾ കമ്പനികൾ നൽകുന്നത്. ഇൻസ്റ്റാൾമെന്റിൽ പണം അടയ്ക്കാവുന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
തുണിക്കടകൾ സജീവം
എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും ഓണക്കോടി എടുക്കുന്നത് മാറ്രിവയ്ക്കാത്തവരാണ് മലയാളികൾ. കൊവിഡ് കലി തുള്ളുകയാണെങ്കിലും ഇത്തവണയും ആ പതിവിന് മാറ്റം വരുത്താൻ അവർ തയ്യാറല്ല. അതുകൊണ്ടുതന്നെ തുണിക്കടകൾ തിരക്കിലമർന്നു കഴിഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവയൊക്കെ പ്രവർത്തിക്കുന്നത്.
ഉണരാതെ പൂ വിപണി
വ്യാപാര സ്ഥാപനങ്ങളിൽ സാമാന്യം നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും പക്ഷേ, പൂ വിപണി കാര്യമായി ഉണർന്നിട്ടില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾ പരമാവധി ഒഴിവാക്കണമെന്നും പരിസരത്തുള്ള പൂക്കൾ കൊണ്ട് അത്തപ്പൂക്കളമൊരുക്കണമെന്നും നിർദ്ദേശം വന്നതോടെ പൂ വാങ്ങാൻ എല്ലാവരും മടിക്കുന്നുണ്ട്. സ്‌കൂൾ, കോളേജുകളിൽ ഓണാഘോഷം ഇല്ലാത്തതും തിരിച്ചടിയായി. കുറഞ്ഞ വിലയ്ക്ക് പൂ വിൽക്കാൻ വ്യാപാരികൾ തയ്യാറാണെങ്കിലും വാങ്ങാൻ ആളെത്തുന്നില്ല. തോവാളയിൽ നിന്നാണ് പ്രധാനമായും ചാലയിലേക്ക് പൂ എത്തുന്നത്.
പച്ചക്കറി വീട്ടിലെത്തും
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നഗരസഭയും അർബൻ ഓർഗാനിക് ഫാമും സ്വസ്‌തി ഫൗണ്ടേഷനും ചേർന്ന് പച്ചക്കറികൾ ആവശ്യക്കാർക്ക് വീടുകളിലെത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 8 കിലോ വരുന്ന വിവിധയിനം പച്ചക്കറികളുള്ള കിറ്റിന്റെ വില 699 രൂപയാണ്. നഗരസഭാ പരിധിയിലാണ് പച്ചക്കറി കിറ്റുകളുടെ ഹോം ഡെലിവറി. 27ന് തുടക്കമാകും. ഫോൺ: 9995557869.