മഹാത്മാഗാന്ധിയെക്കുറിച്ച് റിച്ചാർഡ് ആറ്റൻബറോ എടുത്ത ബയോപ്പിക്കിൽ ജവഹർലാൽ നെഹ്റുവും സർദാർ വല്ലഭായ് പട്ടേലും കഥാപാത്രങ്ങളാകാതിരുന്നാൽ എങ്ങനെയിരിക്കും?ശരൺശർമ്മ സംവിധാനം ചെയ്ത .' ഗുഞ് ജൻ സക്സേന ദി കാർഗിൽ ഗേൾ 'എന്ന ഹിന്ദി സിനിമ കാണുമ്പോൾ സ്വാഭാവികമായും അങ്ങനെ ചിന്തിച്ചുപോകും. ഭാവനയിൽ വിടർന്ന കഥയാണെങ്കിൽ സംവിധായകന് സർഗാത്മകമായ സ്വാതന്ത്ര്യം പ്രയോഗിക്കാം. എന്നാൽ ജീവചരിത്ര സംബന്ധിയായ ചിത്രം അഥവാ ബയോപ്പിക്കാകുമ്പോൾ ചരിത്രം തമസ്ക്കരിക്കാൻ അവകാശമുണ്ടോ ?. .ഏതാനും ആഴ്ചമുമ്പ് ഒ.ടി.ടി പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്ത ഈ ചിത്രം വൻവിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്.
എന്തായിരുന്നു വിവാദം?
സിനിമയിലെ കഥ ഇങ്ങനെ- " ലെഫ്റ്റ്.കേണൽ അനൂപ് സക്സേനയുടെ മകൾ ഗുഞ്‌ജു എന്ന ഗുഞ്‌ജൻ സക്സേനയുടെ ആഗ്രഹം വിമാനം പറത്തുകയെന്നതായിരുന്നു. മകളുടെ എല്ലാ ആഗ്രഹങ്ങൾക്കും കൂട്ടുനിൽക്കുന്ന അച്ഛൻ ആ മോഹത്തെ പിന്തുണച്ചെങ്കിലും ഫ്ളൈയിംഗ് കോഴ്സിനു ചേരാനുള്ള വൻ ഫീസ് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ആ വേളയിലാണ് ചരിത്രത്തിലാദ്യമായി ഇന്ത്യൻ വ്യോമസേന വനിതാ പൈലറ്റുമാരെ ക്ഷണിക്കുന്നത്. പരീക്ഷയ്ക്കൊടുവിൽ ഗുഞ്‌ജു മാത്രം തിരഞ്ഞെടുക്കപ്പെടുന്നു.പരിശീലന ശേഷം ജമ്മു കാശ്മീരിലെ ഉധംപൂരിൽ. ആദ്യമായി പോസ്റ്റിംഗ് ലഭിക്കുന്നു. വ്യോമസേനയിലെത്തിയ വനിതാ പൈലറ്റ് ട്രെയിനിയെ ആണുങ്ങൾ മാത്രമുള്ള യൂണിറ്റ് അംഗീകരിക്കാൻ മടിച്ചു. അവളുടെ വരവ് ആണുങ്ങളുടെ ഈഗോയെ ബാധിച്ചു. പരിശീലനത്തിൽ തടസങ്ങളുണ്ടാക്കി. ഗുഞ്‌ജുവിന് മാത്രമായി ടോയ്ലെറ്റ് സൗകര്യങ്ങളോ ,ഡ്രസിംഗ് മുറിയോ നൽകിയില്ല .പെണ്ണെന്നാൽ ശക്തിയില്ലാത്തവളാണെന്ന് തെളിയിക്കാൻ പഞ്ച് പിടിച്ച് തോൽപ്പിച്ചു. ഒടുവിൽ കാർഗിൽ യുദ്ധം വന്നപ്പോൾ ഗുഞ്‌ജൻ നിയോഗിക്കപ്പെട്ടു. ഏറ്റവും കൂടുതൽ തന്നെ എതിർത്ത, പാരവച്ച ബോസിനെ ഒരു ഓപ്പറേഷനിൽ യുദ്ധമുഖത്തു നിന്ന് ഗുഞ്‌ജൻ രക്ഷപ്പെടുത്തുന്നു. ഗുഞ്‌ജൻ താരമാകുന്നു.". വനിതകളെ മോട്ടിവേറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്ന ചിത്രമെന്ന അവകാശവാദവും സംവിധായകനും നിർമ്മാതാക്കളും മുന്നോട്ടുവയ്ക്കുന്നുണ്ട്.
സത്യമെന്തായിരുന്നു.?
സിനിമയിൽ പറയുന്നതുപോലെ ഗുഞ്‌ജൻ സക്സേന വ്യോമസേനയിലെത്തിയ ആദ്യ വനിതാ പൈലറ്റ് ആയിരുന്നില്ല. വനിതകളെ സേനയിലേക്ക് തിരഞ്ഞെടുത്ത ശേഷമുള്ള നാലാമത്തെ ബാച്ചായിരുന്നു ഗുഞ്‌ജന്റേത്. ആ ബാച്ചിൽ മലയാളികളായ ശ്രീവിദ്യാ രാജനും അനുരാധ നായരുമടക്കം ആറുപേരാണ് ഉണ്ടായിരുന്നത്. അതിൽത്തന്നെ ഉധംപൂരിൽ പോസ്റ്റ് ചെയ്തത് ശ്രീവിദ്യയേയും ഗുഞ്‌ജനേയുമായിരുന്നു. കാർഗിൽ ഗേൾ എന്ന വിശേഷണത്തിന് അർഹയാണെങ്കിലും യുദ്ധമേഖലയിലേക്ക് ആദ്യം ഹെലിക്കോപ്റ്റർ പറത്തിയ വനിത ഗുഞ്‌ജനായിരുന്നില്ല. മറിച്ച് മലയാളിയായ ശ്രീവിദ്യാ രാജനായിരുന്നു. ഉധംപൂരിൽ നിന്ന് ശ്രീനഗറിലേക്ക് പോയ രണ്ടാം ബാച്ചിലാണ് ഗുഞ്‌ജൻ അവിടെയെത്തിയത്. ശ്രീവിദ്യ ചീറ്റാ ഹെലിക്കോപ്റ്റർ പറത്തി ഇവാക്വേഷനും ട്രാൻസ്പോർട്ടിംഗും ഒക്കെ ചെയ്തു. എന്നാൽ മീഡിയയ്ക്ക് അപ്പോൾ പ്രവേശനമില്ലായിരുന്നു. അടുത്ത ബാച്ചിൽ ഗുഞ്‌ജൻ എത്തിയപ്പോൾ മീഡിയയ്ക്ക് പ്രവേശനം കിട്ടിയ കാലമായതിനാൽ ആ വനിതാ പൈലറ്റിനെ മാധ്യമങ്ങൾ വാർത്തയാക്കി. കാർഗിൽ യുദ്ധം കഴിഞ്ഞപ്പോൾ ഗുഞ്‌ജനെയും ശ്രീവിദ്യയേയും ദേശീയ ചാനൽ അഭിമുഖം നടത്തിയിരുന്നു. ഗുഞ്‌ജനും ശ്രീവിദ്യയും അന്നും ഇന്നും ഉറ്റ സുഹൃത്തുക്കളാണ്. ഇരുവരും കാർഗിലിൽ അനവധി ഓപ്പറേഷനുകൾ നടത്തിയവർ. ഇന്ത്യൻ വ്യോമസേനയുടെ അഭിമാന സ്തംഭങ്ങൾ. പൈലറ്റ് ഓഫീസറായി ജോലിയിൽ പ്രവേശിച്ച ഇവർ ഫ്ളൈറ്റ് ലെഫ്റ്റനന്റുമാരായി പിന്നീട് സേനയിൽ നിന്ന് പിരിഞ്ഞു. 1999 ലെ കാർഗിൽ വിജയത്തിനു ശേഷം ഇത്രയും വർഷങ്ങൾ കഴിഞ്ഞ് ഗുഞ്‌ജനെക്കുറിച്ച് സിനിമ എടുക്കുന്നതിൽ തെറ്റില്ല എന്നാൽ അത് ശ്രീവിദ്യയടക്കം രാജ്യത്തിന്റെ അഭിമാനമായവരെ ചരിത്രത്തിൽ നിന്ന് തുടച്ചു മാറ്റിയിട്ടാകണോ? അതാണ് പ്രധാനമായും വിവാദത്തിനിടയാക്കിയത്.
ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ ശ്രീവിദ്യ പറഞ്ഞതിങ്ങനെ--" ഗുഞ്‌ജനെ കുറിച്ച് സിനിമയെടുക്കുമ്പോൾ ഞാനെന്നൊരാൾ ചരിത്രത്തിൽ ഇല്ലെന്ന് വരുത്തിതീർക്കേണ്ടതുണ്ടോ? ഫിക്‌ഷനാണെങ്കിൽ
പോട്ടെന്നുവയ്ക്കാം. ഇത് ചരിത്രമല്ലേ? ഇല്ലാത്ത ലിംഗവിവേചനം ഉണ്ടെന്ന് കാട്ടി വ്യോമസേനയെ ആക്ഷേപിക്കുമ്പോൾ ഭാവിയിൽ പെൺകുട്ടികൾക്ക് അത് പ്രചോദനമാകുന്നതെങ്ങനെ? എല്ലാ ആറുമാസത്തിലൊരിക്കലും ഇപ്പോൾ വ്യോമസേന വനിതാ പൈലറ്റുമാരെ ക്ഷണിക്കുന്നുണ്ട്. സേനയിൽ ലിംഗ വിവേചനം പ്രകടമാണെന്ന് സിനിമ കാണിക്കുമ്പോൾ അവർക്കൊക്കെ എന്ത് സന്ദേശമാണ് ലഭിക്കുക.? സിനിമയിൽ കാണിച്ചതുപോലെ തനിക്കൊരിക്കലും ലിംഗവിവേചനം നേരിടേണ്ടി വന്നിട്ടില്ല. എല്ലാവരും സഹകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തത്." ശ്രീവിദ്യ പറഞ്ഞു.
ചരിത്രം തമസ്ക്കരിച്ചതിനെതിരെയാണ് പാലക്കാടുകാരൻ സുബേദാർ മേജർ എം.ആർ.രാജപ്പന്റെയും അദ്ധ്യാപികയായ എം.എൻ.സരസമ്മയുടെയും മകളായ ശ്രീവിദ്യ ഇപ്പോൾ പ്രതികരിച്ചത്. വിംഗ് കമാൻഡർ (റിട്ട. )എസ്.ജയചന്ദ്രനാണ് ഭർത്താവ്.കൊച്ചിയിലാണ് സെറ്റിൽ ചെയ്തതെങ്കിലും മകളുടെ പഠനത്തിനായി ഇപ്പോൾ കോട്ടയത്താണ് താമസം. ശ്രീവിദ്യാ രാജന്റെ അനുഭവം സിനിമയാക്കാൻ മലയാളത്തിലെ പ്രമുഖ ചലച്ചിത്രകാരൻമാർ ആരെങ്കിലും മുന്നോട്ടുവരുമോ? ഇതൊരു ചാലഞ്ചാണ്.