ന്യൂഡൽഹി: കർണാടക പൊലീസിലെ 'സിങ്കം' എന്നറിയപ്പെട്ടിരുന്ന ധൈര്യശാലിയായ ഓഫീസർ അണ്ണാമലൈ കുപ്പുസ്വാമി ബിജെപിയിൽ ചേർന്നു. ഉടുപ്പി, ചിക്കമംഗലുരു ജില്ലകളിലെ എസ്.പിയായി മുൻപ് സേവനം അനുഷ്‌ടിച്ചിട്ടുളള അണ്ണാമലൈ 2019ൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് സിവിൽ സർവീസ് ഉപേക്ഷിച്ചത്. ഡൽഹിയിലെ ബിജെപി മുഖ്യകാര്യാലയത്തിൽ നടന്ന അംഗത്വ ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി പി.മുരളീധർ റാവുവിൽ നിന്ന് അണ്ണാമലൈ അംഗത്വം ഏറ്റുവാങ്ങി. ബിജെപി തമിഴ്‌നാട് പ്രസിഡന്റ് എൽ.മുരുകൻ ഒപ്പമുണ്ടായിരുന്നു. ബിജെപി ട്വിറ്റർ ഹാൻഡിലിൽ വാർത്ത സ്ഥിരീകരിച്ച് പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
Former IPS officer K. Annamalai joins BJP in presence of Shri @PMuralidharRao and Shri @Murugan_TNBJP at BJP headquarters in New Delhi. pic.twitter.com/42HIh2TqWl
— BJP (@BJP4India) August 25, 2020
ഒൻപത് വർഷം നീണ്ട സർവീസിൽ മികച്ച സത്യസന്ധനായ ഉദ്യോഗസ്ഥൻ എന്ന പേര് അണ്ണാമലൈ നേടി. 2018ൽ ബെംഗളുരു സൗത്തിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായിരിക്കെയാണ് 2019ൽ ജോലി രാജിവച്ചത്. പൊലീസ് സർവീസ് കാലത്ത് അണ്ണാമലൈ ജോലി രാജിവച്ചത് രാഷ്‌ട്രീയത്തിൽ പ്രവേശിക്കാനാണെന്ന് മുൻപ് സൂചനകളുണ്ടായിരുന്നു.എന്നാൽ ഇതേവരെ ഇതിനെപറ്റി അദ്ദേഹം ഒന്നും പ്രതികരിച്ചിരുന്നില്ല. തമിഴ്‌നാട്ടിലെ കരൂർ സ്വദേശിയായ അണ്ണാമലൈ കർഷക കുടുംബത്തിലെ അംഗമാണ്.
പാദസേവയോ പക്ഷപാദിത്വമോ ഇല്ലാത്ത പാർട്ടിയാണ് ബിജെപിയെന്ന് അണ്ണാമലൈ മുൻപ് അഭിപ്രായപ്പെട്ടിട്ടുണ്ട്. താനൊരു ദേശീയ വാദിയാണെന്നും ബിജെപിയെ കുറിച്ച് തമിഴ്നാട്ടിൽ ധാരാളം തെറ്റിദ്ധാരണകളുണ്ടെന്നും അവ മാറ്റാനായി പ്രവർത്തിക്കുമെന്നും അണ്ണാമലൈ മുൻപ് അഭിപ്രായപ്പെട്ടിട്ടുണ്ട്.