മനുഷ്യന് അഗ്നിപർവത സ്ഫോടനം സൃഷ്ടിക്കാനാകുമോ ? അയ്യോ, അതൊന്നും വേണ്ട വേണമെങ്കിൽ ഒരു ' കൊക്ക കോള ' സ്ഫോടനം കാണിച്ചു തരാം. ഒരു റഷ്യൻ യൂട്യൂബർ വേറിട്ട രീതിയിൽ അവതരിപ്പിച്ച കൊക്ക കോള സ്ഫോടനം ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. കാര്യം അത്ര സിമ്പിളല്ല.നാല് വർഷത്തെ കഠിന ശ്രമത്തിനൊടുവിലാണ് 10,000 ലിറ്റർ കൊക്ക കോള, ബേക്കിംഗ് സോഡയുമായി കൂട്ടിച്ചേർത്ത് സൃഷ്ടിച്ച ഈ പരീക്ഷണത്തിന് വേണ്ടി വന്നത്. ഇതുവരെ 60 ലക്ഷത്തിലേറെ പേരാണ് യൂട്യൂബിൽ ഈ പരീക്ഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ടത്.
' മാമിക്സ് ' എന്നറിയപ്പെടുന്ന റഷ്യൻ വ്ലോഗറായ മാക്സിം മോനഖോവ് ആണ് കൊക്ക കോള പരീക്ഷണത്തിന് പിന്നിൽ. ഏകദേശം 9,000 ഡോളറിലേറെ ചെലവാണ് പരീക്ഷണത്തിന് മാക്സിമിന് ചെലവായത്. ഓഗസ്റ്റ് 21നാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കൊക്ക കോള എന്ന ലേബൽ ചെയ്തിരിക്കുന്ന ഭീമൻ പ്രഷറൈസ്ഡ് ടാങ്കിലേക്ക് മാക്സിമും സഹായികളും ക്രെയിനുപയോഗിച്ച് കോള നിറയ്ക്കുന്നത് കാണാം.
പ്രത്യേക കപ്പി ഉപയോഗിച്ചാണ് ടാങ്കിലേക്ക് ബേക്കിംഗ് സോഡ നിറച്ചത്. പിന്നെ അഗ്നിപർവത സ്ഫോടനം പോലെ ടാങ്കിൽ നിന്നും മുകളിലേക്ക് കുതിച്ചുയരുന്ന ബ്രൗൺ നിറത്തിലെ കൊക്ക കോളയെയാണ് നമുക്ക് കാണാൻ സാധിക്കുക. നീരുറവകളിൽ നിന്നും വെള്ളം ചീറ്റുന്നത് പോലെ കൊക്ക കോള പുറത്തേക്ക് കുത്തനെ കുതിക്കുന്നത് കാണാം. അസിഡിക് സ്വഭാവമുള്ള കൊക്ക കോളയും ബേക്കിംഗ് സോഡയിലെ കാർബണേറ്റും ചേർന്ന് ഹൈഡ്രജൻ കാർബണേറ്റ് രൂപപ്പെടുന്നതാണ് ' ഈ സ്ഫോടനത്തിന് ' പിന്നിലെ ശാസ്ത്രം. ഈ കാർബണേറ്റ് പിന്നീട് കാർബൈൺ ഡൈ ഓക്സൈഡായി പരിവർത്തനം ചെയ്യപ്പെടുന്നു.
മെന്റോസ് മിഠായിയും കോക്കകോളയും തമ്മിൽ പ്രവർത്തിക്കുന്നതും ഇതേ രീതിയിലാണ്. ബേക്കിംഗ് സോഡയ്ക്ക് താരതമ്യേന വില കുറഞ്ഞതിനാലാണ് മാക്സിം മെന്റോസ് ഒഴിവാക്കാൻ കാരണം. ' കൊക്ക കോള ' സ്ഫോടനം എങ്ങനെയാണെന്ന് കാണണ്ടേ..... വീഡിയോ ചുവടെ.