രാഹുൽ ചന്ദ്രശേഖറിന്
അച്യുതവാര്യർ സ്മാരക
പുരസ്കാരം
തൃശൂർ: പ്രശസ്ത പത്രപ്രവർത്തകനും എക്സ്പ്രസ് മുൻ പത്രാധിപരുമായിരുന്ന ടി.വി. അച്യുതവാര്യരുടെ സ്മരണാർത്ഥം തൃശൂർ പ്രസ് ക്ലബ് ഏർപ്പെടുത്തിയ ഏഴാം അച്യുതവാര്യർ പുരസ്കാരത്തിന് കേരളകൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ അർഹനായി. 10001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മീനച്ചിലാർ മീനന്തറയാർ കൊടൂരാർ നദീ പുനർസംയോജനവുമായി ബന്ധപ്പെട്ട് 2018 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച 'നാടുണർന്നു, നദി നിറഞ്ഞു' എന്ന ലേഖനപരമ്പരയാണ് പുരസ്കാരത്തിന് അർഹനാക്കിയത്. കോട്ടയം മണിമല ആലപ്ര ഗോകുലത്തിൽ ചന്ദ്രശേഖരപിള്ള - വത്സലകുമാരി ദമ്പതികളുടെ മകനായ രാഹുലിന് കോഴിക്കോട് ശാന്താദേവി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഭാര്യ: ഉമ ഉണ്ണിക്കൃഷ്ണൻ. മക്കൾ: ശ്രീറാം ശേഖർ, ശിവാനി ശേഖർ.