ജറുസലം: വേനലവധി ആഘോഷിക്കുന്നതിനിടെ മണ്ണിൽ കളിച്ച കൗമാരക്കാരെ തേടിയെത്തിയത് കോടിക്കണക്കിന് രൂപ വിലയുള്ള സ്വർണനാണയങ്ങൾ!. 1,100 വർഷം മുൻപ് കളിമൺ പാത്രത്തിൽ സൂക്ഷിച്ച അമൂല്യനിധിയാണ് ഒരു സംഘം യുവാക്കൾ കണ്ടെത്തിയത്.
' നിലം കുഴിച്ചപ്പോൾ സംശയം തോന്നി. കൂടുതൽ ആഴത്തിൽ കുഴിയെടുത്തപ്പോൾ ഒരു ജാറിൽ കട്ടി കുറഞ്ഞതും ഇലകൾ പോലെയുള്ളതുമായ വസ്തുക്കൾ സൂക്ഷിച്ചിരുന്നത് കിട്ടി. പരിശോധനയിലാണ് അവ സ്വർണനാണയങ്ങൾ ആണെന്ന് കണ്ടെത്തിയത്.'- നിധി കണ്ടെത്തിയ സംഘത്തിലൊരാളായ ഒസ് കോഹെൻ പറഞ്ഞു.
ഒൻപതാം നൂറ്റാണ്ടിൽ ഉപയോഗത്തിലുണ്ടായിരുന്ന തരത്തിലുള്ള സ്വർണമാണ് ലഭ്യമായതെന്ന് പുരാവസ്‌തു ഗവേഷകനായ റോബർട്ട് കൂൾ പറഞ്ഞു. 24 കാരറ്റ് ശുദ്ധമായ സ്വർണ നാണയങ്ങൾ അക്കാലത്ത് കൂടിയ തോതിൽ ലഭ്യമായിരുന്നു. ലഭ്യമായ സ്വർണത്തിന്റെ വില നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല. വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കളിമൺ പാത്രത്തിൽ നൂറുകണക്കിന് സ്വർണനാണയങ്ങൾ സൂക്ഷിച്ചതെന്ന് മനസിലാക്കാനായതായി ആർക്കിയോളജിക്കൽ വകുപ്പിലെ ഉദ്യോഗസ്ഥനായ ലിയാറ്റ് നാദവ് സിവ് പറഞ്ഞു. 'സുരക്ഷിതമായ നിലയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. നിധി സൂക്ഷിച്ചയാൾ എന്തുകൊണ്ട് തിരിച്ചെടുക്കാൻ വന്നില്ല എന്നത് അറിയാനായിട്ടില്ലെ"ന്നും അദ്ദേഹം പറഞ്ഞു. നിധി ലഭിച്ചത് എവിടെ നിന്നാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.