ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് മരിച്ച് രണ്ട് മാസമാകുമ്പോഴും ദുരൂഹതകളുടെ അലയൊലികളടങ്ങുന്നില്ല.....
ഇന്ത്യൻ സിനിമാരംഗത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു സുശാന്തിന്റെ ആത്മഹത്യ. സുശാന്തിന്റെ മരണം ആത്മഹത്യയല്ല, അതൊരു കൊലപാതകമെന്നാണ് കുടുംബം ഉറപ്പിച്ചു പറയുന്നത്. സുഹൃത്ത് റിയ ചക്രവർത്തി സുശാന്തിനെ സാമ്പത്തികമായി ഉപയോഗിച്ചുവെന്ന താരത്തിന്റെ കുടുംബത്തിന്റെ ആരോപണമായിരുന്നു അതുവരെ ആത്മഹത്യയെന്ന് കരുതിയ കേസിൽ വഴിത്തിരിവായി മാറിയത്. ബീഹാർ സർക്കാർ ഏറ്റെടുത്ത കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റണമെന്ന് റിയ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും ആ ആവശ്യം കോടതി തള്ളിക്കളയുകയായിരുന്നു. ബീഹാർ സർക്കാരിന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാമെന്ന് കോടതി പറഞ്ഞതിനെ തുടർന്ന് സി ബി .ഐ കേസ് ഏറ്റെടുത്തു. സിനിമയെ വെല്ലുന്ന രംഗങ്ങളും ട്വിസ്റ്റുകളുമായാണ് സുശാന്തിന്റെ മരണത്തിന്റെ ചുരുൾ ഓരോ ദിവസം നിവരുന്നത്.
ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം സുശാന്തിന്റെ മരണത്തിന് മുൻപുള്ള മാനസിക നില പരിശോധന നടത്താനൊരുങ്ങുകയാണ് സി.ബി.ഐ. കഴിഞ്ഞ ആറുമാസങ്ങളോളമായി സുശാന്ത് കടുത്ത വിഷാദരോഗത്തിന്റെ പിടിയിലായിരുന്നുവെന്ന് താരത്തിനെ ചികിത്സിച്ച സൈക്യാട്രിസ്റ്റിന്റെയും സൈക്കോ തെറാപ്പിസ്റ്റിന്റെയും മൊഴി നേരത്തെ തന്നെ പുറത്തു വന്നിരുന്നു. അതിനെ തുടർന്നാണ് ശാസ്ത്രീയമായ അന്വേഷണ രീതി സി.ബി.ഐ സ്വീകരിച്ചത്. സെൻട്രൽ ഫോറൻസിക്ക് സയൻസ് ലബോറട്ടറിയാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ഇഴകീറി പരിശോധിക്കാൻ തയാറെടുക്കുന്നത്. താരത്തിന്റെ വാട്സാപ്പ് ചാറ്റ്, കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ബന്ധം എന്നിവ സി.ബി.ഐ പരിശോധിക്കും. ഒപ്പം സുശാന്തിന്റെ മാനസിക പിരിമുറുക്കങ്ങൾ, മൂഡ് മാറ്റം, മാനസികാരോഗ്യം എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കും.
കഴിഞ്ഞദിവസം താരത്തിന്റെ മുംബയ്യിലെ ബാന്ദ്രയിലുള്ള ഫ്ളാറ്റിൽ ഡമ്മി ടെസ്റ്റ് നടത്തിയിരുന്നു സി.ബി.ഐ. മരണശേഷം അബോധാവസ്ഥയിലായിരിക്കുമ്പോൾ സുശാന്തിനെ ആരെങ്കിലും ഫാനിൽ കെട്ടിത്തൂക്കിയതാണോ അതോ സ്വയം തുങ്ങിയതാണോ എന്നറിയാനായിരുന്നു അന്വേഷണ സംഘം ഇത്തരത്തിൽ ഡമ്മി ടെസ്റ്റ് നടത്തിയത്. ഫാനും മെത്തയും തമ്മിലുള്ള ദൂരം 5 അടി 11 ഇഞ്ച് ആയിരുന്നു. ഗൂഗിൾ പറയുന്നതനുസരിച്ച് സുശാന്തിന്റെ ഉയരം 5 അടി 10 ഇഞ്ച് ആയിരുന്നു. നടന്റെ ബാത്ത്റോബ് ബെൽറ്റും മുറിഞ്ഞിരുന്നു.ഇതിനെക്കുറിച്ചുള്ള വ്യക്തമായ റിപ്പോർട്ട് ഇതുവരെയും അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം സുശാന്തിന്റെ സുഹൃത്ത് സിദ്ധാർത്ഥ് പിത്താനി, ജോലിക്കാരൻ നീരജ് എന്നിവരെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. റിയ ചക്രവർത്തിയെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം.
നേരറിയാൻ സൈക്കോളജിക്കൽ ഓട്ടോപ്സി
ഇന്ത്യയിൽ തന്നെ സി.ബി.ഐയുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാമത്തെ സൈക്കോളജിക്കൽ ഓട്ടോപ്സി പരിശോധനയാണ് ഇത്. അസ്വാഭാവികമായ മരണങ്ങളുടെ വ്യക്തതയ്ക്ക് മാനസിക നില കൂടി അപഗ്രഥിച്ചുകൊണ്ടുള്ള ശാസ്ത്രീയമായ പരിശോധനയാണ് സൈക്കോളജിക്കൽ ഓട്ടോപ്സി. ആത്മഹത്യയെന്ന രീതിയിൽ കണ്ടെത്തുന്ന മരണങ്ങൾ കൊലപാതകമായേക്കാമെന്ന രീതിയിൽ പിന്നീട് മൊഴികൾ വരുന്ന കേസുകളിലാണ് സൈക്കോളജിക്കൽ ഓട്ടോപ്സി എന്ന അന്വേഷണ രീതി സ്വീകരിക്കേണ്ടി വരുന്നത്. സുശാന്ത് വിഷാദരോഗത്തിന് അടിമയായിരുന്നെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. സുശാന്ത് ആത്മഹത്യ ചെയ്തതാണെങ്കിലും അതിലേക്ക് എത്തിച്ച വിചിത്രമായ ചില കാര്യങ്ങൾ അതിന് പിന്നിലുണ്ടെന്ന് അദ്ദേഹത്തെ അഭ്യുദയാംകാംക്ഷികൾ പറയുന്നു.
സുശാന്ത് അനുഭവിച്ചിരുന്ന മാനസിക പിരിമുറുക്കങ്ങളുടെ വ്യക്തത വരുത്താൻ ഓട്ടോപ്സി സഹായകമാകുമെന്നാണ് സി.ബി.ഐ സംഘത്തിന്റെ കണ്ടെത്തൽ. കൂടാതെ താരത്തിന്റെ പേഴ്സണൽ ചാറ്റുകൾ പരിശോധിക്കും. (ഉപയോഗിച്ചിരുന്ന എല്ലാ സോഷ്യൽ മീഡിയകളും ), മുൻപ് എപ്പോഴങ്കിലും താരം ആത്മഹത്യക്ക് ശ്രമിച്ചിരുന്നോ എന്ന വിവരം, ഉണ്ടെങ്കിൽ അതിലേക്ക് വഴിവച്ച കാര്യങ്ങൾ എന്നിവ പരിശോധിക്കും. കൂടാതെ താരത്തിന്റെ ജോലിക്കാർ മുതൽ അദ്ദേഹത്തിന്റെ അകന്ന ബന്ധുക്കളുമായുള്ള ഇടപെടലുകളിൽ സി.ബി.ഐ കൂടുതൽ വ്യക്തത വരുത്തും. ബാല്യം മുതലുള്ള സുശാന്തിന്റെ ജീവിതം കൃത്യമായി മനസിലാക്കാനുമുള്ള ശ്രമം നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൈക്കോളജിക്കൽ ഓട്ടോപ്സി കഴിയുന്നതോടെ സുശാന്തിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ സാധിക്കുമെന്നാണ് സി.ബി.ഐ നിഗമനം. ഇതിന് മുമ്പ് ബൂരാരിയിൽ ഒരു കുടുംബത്തിലെ 11 പേർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സൈക്കോളജിക്കൽ ഓട്ടോപ്സി നടത്തിയിരുന്നു. ഇവർ ആത്മഹത്യ ചെയ്യാൻ സാദ്ധ്യത ഇല്ലെന്ന മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു അന്ന് സൈക്കോളജിക്കൽ ഓട്ടോപ്സി നടത്തിയത്.
സുശാന്തിന്റെ മരണവും റിയയും ബോളിവുഡും
14 ജൂൺ 2020 നായിരുന്നു മുംബൈ ബാന്ദ്രയിലെ ഫ്ളാറ്റിൽ സുശാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.വിഷാദരോഗത്തിന് അടിമപ്പെട്ടാണ് താരത്തിന്റെ ആത്മഹത്യയെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. സുശാന്തിന്റെ മരണം ബോളിവുഡിനെ പിടിച്ചുകുലുക്കിയിരുന്നു. ബോളിവുഡിലെ സ്വജനപക്ഷപാതവും 'ഖാൻകപൂർ മാഫിയ"ആധിപത്യവുമാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് താരത്തെ സ്നേഹിക്കുന്നവർ പേടികൂടാതെ ഉറക്കെ വിളിച്ചു പറഞ്ഞത്.അദ്ദേഹത്തിന്റെ കഴിവുകളെ വേണ്ടവിധത്തിൽബോളിവുഡ് അംഗീകരിച്ചില്ലെന്നും , മരണശേഷം കണ്ണീർവീഴ്ത്തുന്നബോളിവുഡിലെ ചില കൈകൾ തന്നെയാണ് സുശാന്തിന്റെ ചിരി മായ്ച്ചതെന്നും ആരാധകർ വിശ്വസിക്കുന്നു.
ആലിയ ഭട്ട്, കരൺജോഹർ തുടങ്ങിയവർക്കെതിരായിരുന്നു ആദ്യം വിമർശനം ഉയർന്നു വന്നത്.കങ്കണ റണാവത്തിനെപോലെയുള്ള ചില താരങ്ങളും ബോളിവൂഡിനെതിരെ കൈചൂണ്ടിയിരുന്നു.റിയ ചക്രവർത്തിയുമായുള്ള പ്രണയവും വേർപിരിയലും താരത്തെ മാനസികമായി തളർത്തിയിരുന്നെന്നും റിപോർട്ടുകൾ പുറത്തുവന്നിരുന്നു.ഇതിനെ തുടർന്ന് റിയക്കെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. റിയ സുശാന്തിന്റെ മരണത്തിൽ തനിക്ക് പങ്കില്ലെന്ന് തുറന്നു പറഞ്ഞുള്ള വീഡിയോ സാമൂഹ്യ മാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു.എന്നാൽ അത് ഗുണത്തേക്കാൾ കൂടുതൽ ദോഷമാണ് റിയയ്ക്ക് ഉണ്ടാക്കിയത്.സുശാന്തിന്റെ കുടുംബം റിയയ്ക്കെതിരെ തിരിഞ്ഞതോടെയാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.കഴിഞ്ഞ ദിവസം റിയ സംവിധായകനും നിർമാതാവുമായ മഹേഷ്ഭട്ടുമായി നടത്തിയ വാട്സാപ്പ് സന്ദേശം പുറത്തു വന്നിരുന്നു. സുശാന്തിന്റെ വീട്ടിൽ നിന്നിറങ്ങിയതിന് പിന്നാലെയാണ് റിയ മഹേഷ് ഭട്ടിന് സന്ദേശം അയച്ചിരിക്കുന്നത്.'നിങ്ങളുടെ കാൾ എനിക്ക് വേക്കപ്പ് കാൾ "ആയിരുന്നെന്ന് റിയ സന്ദേശത്തിൽ പറയുന്നു.ബോളിവുഡിലെ സ്വജനപക്ഷക്കാരിലേക്ക് കൂടി വരും ദിവസങ്ങളിൽ സുശാന്തിന്റെകേസ് എത്തി വ്യക്തത വരുത്തുമെന്ന പ്രതീക്ഷയിലാണ് സുശാന്തിന്റെ ആരാധകർ.