rbi

മുംബയ്: രാജ്യത്തെ ബാങ്കുകളിൽ കഴിഞ്ഞവർഷം (2019-20) നടന്നത് 1.85 ലക്ഷം കോടി രൂപയുടെ തട്ടിപ്പുകളെന്ന് റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട്. 2018-19ലെ തട്ടിപ്പിന്റെ ഇരട്ടിയിലേറെയാണിത്. കേസുകളുടെ എണ്ണം 28 ശതമാനവും ഉയർന്നു.

ഒരുലക്ഷം രൂപയോ അതിനുമുകളിലോ ഉള്ള തട്ടിപ്പുകളാണ് ബാങ്കുകൾ റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞവർഷത്തെ തട്ടിപ്പ് മൂല്യത്തിൽ 80 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണ്. 18 ശതമാനം സ്വകാര്യ ബാങ്കുകളിലും ബാക്കി, വിദേശ ബാങ്കുകളിലും. മൊത്തം തട്ടിപ്പിന്റെ 98 ശതമാനവും വായ്പകൾ കേന്ദ്രീകരിച്ചുള്ളതാണ്; അതായത് 1.82 ലക്ഷം കോടി രൂപ. തട്ടിപ്പ് കണ്ടെത്തിയാൽ, അതിന്റെ മൂല്യത്തിന് തുല്യമായ തുക, വരുമാനത്തിൽ നിന്ന് ബാങ്ക് നീക്കിവയ്ക്കണമെന്നാണ് ചട്ടം.

അതേസമയം, തട്ടിപ്പുകൾ കുറയുന്നതാണ് നടപ്പുവർഷത്തെ ട്രെൻഡ്. ഈവർഷം ഏപ്രിൽ-ജൂണിൽ 28,843 കോടി രൂപയുടെ തട്ടിപ്പ് റിപ്പോർട്ട് ചെയ്‌തു. മുൻ വർഷത്തെ സമാനപാദത്തിൽ ഇത് 42,228 കോടി രൂപയായിരുന്നു.

₹2,000 നോട്ടിന്റെ

അച്ചടി നിറുത്തി

നോട്ട് അസാധുവാക്കലിനെ തുടർന്ന് റിസർവ് ബാങ്ക് പുറത്തിറക്കിയ 2,000 രൂപാ നോട്ടിന്റെ അച്ചടി നിറുത്തി. കഴിഞ്ഞ സാമ്പത്തികവർഷം 2,000 രൂപ അച്ചടിച്ചില്ല. 2017-18ൽ 33,632 ലക്ഷവും 2018-19ൽ 32,910 ലക്ഷവും 2019-20ൽ 27,398 ലക്ഷവും നോട്ടുകളാണ് 2,000ന്റേതായി ഉണ്ടായിരുന്നത്.

മൊത്തം നോട്ടുകളുടെ എണ്ണത്തിൽ കഴിഞ്ഞവർഷം 2,000ന്റെ പങ്ക് മൂന്നു ശതമാനത്തിൽ നിന്ന് 2.4 ശതമാനമായി താഴ്‌ന്നു. മൂല്യം 31.2 ശതമാനത്തിൽ നിന്ന് 22.6 ശതമാനത്തിലേക്കും താഴ്‌ന്നു.

ബാലൻസ്ഷീറ്റ് മൂല്യം

₹533.47 ലക്ഷം കോടി

ജൂലായ്-ജൂൺ സമ്പദ്‌വർഷം പിന്തുടരുന്ന റിസർവ് ബാങ്കിന്റെ ബാലൻസ്ഷീറ്ര് മൂല്യം 30.02 ശതമാനം ഉയർന്ന് 533.47 ലക്ഷം കോടി രൂപയിലെത്തി. 2019ലെ ജൂലായ്-ജൂണിൽ ഇത് 410.29 ലക്ഷം കോടി രൂപയായിരുന്നു.

₹57,128 കോടി

കഴിഞ്ഞ കണക്കെടുപ്പ് വർഷത്തിൽ 57,128 കോടി രൂപയാണ് കേന്ദ്രത്തിന് സർപ്ളസ് ഇനത്തിൽ റിസർവ് ബാങ്ക് കൈമാറിയത്. 1.75 ലക്ഷം കോടി രൂപയാണ് അതിനുമുമ്പ് കൈമാറിയത്. വരുമാനം 22 ശതമാനം താഴ്‌ന്നത്, സർപ്ളസ് കുറയാനും ഇടവരുത്തി.

യു.പി.ഐ ഇടപാട്

കൂടിയാൽ ഫീസ്

പരിധി കഴിഞ്ഞുള്ള യു.പി.ഐ ഇടപാടുകൾക്ക് സ്വകാര്യ ബാങ്കുകൾ ഫീസ് ഈടാക്കിത്തുടങ്ങി. പ്രതിമാസം 20 തവണ സൗജന്യമാണ്. പിന്നീടുള്ള ഓരോ ഇടപാടിനും ഫീസ് രണ്ടര മുതൽ അഞ്ചുരൂപവരെ.

വിപണിയിലിറക്കും

₹20,000 കോടി

ഓപ്പൺ മാർക്കറ്ര് ഓപ്പറേഷനിലൂടെ (ഒ.എം.ഒ) 20,000 കോടി രൂപ കൂടി പൊതുവിപണിയിൽ ഇറക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. 10,000 കോടി രൂപ വീതമുള്ള രണ്ടു ലേലങ്ങളാണ് ഇതിനായി നടത്തുക. ആഗസ്‌റ്ര് 27നും സെപ്‌തംബർ മൂന്നിനും ആയിരിക്കും ഇത്. ബാങ്കുകളെ കൈവശമുള്ള കടപ്പത്രങ്ങൾ വാങ്ങി, പകരം കറൻസികൾ ഇറക്കുന്ന നടപടിയാണിത്.