ബീജിംഗ്: പരീക്ഷണങ്ങൾ പൂർത്തിയാക്കാതെ റഷ്യ വികസനിപ്പിച്ച കൊവിഡ് വാക്സിൻ 'സ്പുട്നിക് 5' ജനങ്ങളിൽ പ്രയോഗിച്ച് തുടങ്ങിയതിൽ ലോകമെങ്ങും വൻ വിമർശനങ്ങൾ ഉയരവെ, പുതിയ വെളിപ്പെടുത്തലുമായി ചൈന. കഴിഞ്ഞ ജൂലായ് 22 മുതൽ കൊവിഡ് വാക്‌സിൻ രാജ്യത്ത് ഉപയോഗിക്കുന്നുണ്ടെന്ന് ചൈനീസ് ഹെൽത്ത് കമ്മീഷന്റെ കീഴിലുള്ള ശാസ്‌ത്ര സാങ്കേതിക വികസന കേന്ദ്രം ഡയറക്‌ടർ ഷെങ് സോങ്‌വേ വ്യക്തമാക്കി.
കൊവിഡ് പ്രതിരോധ മേഖലയിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് പരീക്ഷണാടിസ്ഥാനത്തിൽ വാക്‌സിൻ നൽകുന്നതെന്ന് ചൈനീസ് സ്‌റ്റേറ്റ് മീഡിയ ബ്രോഡ്‌കാസ്‌റ്റിന്റെ ‘ഡയലോഗ്’ എന്ന പരിപാടിയിൽ ഷെങ് പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ജൂലായ് രണ്ടിനാണ് വാക്‌സിന് അനുമതി നൽകിയത്. ഘട്ടം ഘട്ടമായിട്ടാണ് വാക്‌സിൻ നൽകിയത്. ഇതിനായി വ്യക്തമായ പദ്ധതികൾ ആസൂത്രണം ചെയ്‌തിരുന്നു. കൊവിഡ് രംഗത്ത് പ്രവർത്തിക്കുന്ന ഡോക്‌ടർമാർ, ഗവേഷകർ, വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ, ക്ലിനിക്കുകളിലെ ജീവനക്കാർ, കസ്‌റ്റംസ് - അതിർത്തി ഉദ്യോഗസ്ഥർക്കാണ് വാക്‌സിൻ സ്വീകരിക്കാൻ അർഹതയെന്നും ഷെങ് പറഞ്ഞു.
ശൈത്യകാലം മുൻകൂട്ടി കണ്ടാണ് വാകിസിൻ നൽകാൻ തീരുമാനിച്ചത്. അല്ലെങ്കിൽ കൂടുതൽ കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുമായിരുന്നു. സിനോഫർമിന്റെ ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് കമ്പനിയാണ് വാക്‌സിൻ വികസിപ്പിച്ചത്. ചൈനയിലെ വാക്‌സിൻ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് പരീക്ഷണവും കുത്തിവയ്പുകളും നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇ, പെറു, മൊറോക്കോ, അർജന്റീന രാജ്യങ്ങളിലാണ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടന്നത്. ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗവ്യാപനം തടയാൻ കഴിഞ്ഞാൽ കർഷകർ ഉൾപ്പെടെയുള്ള മറ്റു വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് വാക്‌സിൻ നൽകാൻ കഴിയുമെന്നും ഷെങ് വ്യക്തമാക്കി. അതേസമയം, വാക്‌സിന്റെ ഫലം സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല.