covid-tvm

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കൊവിഡ് വ്യാപനം അതീവ രൂക്ഷമാകുന്നു. വരും ദിവസങ്ങളിൽ രോഗവ്യാപനം മൂർദ്ധന്യത്തിലെത്തുമെന്ന് മന്ത്രി കടകംപള‌ളി സുരേന്ദ്രൻ അറിയിച്ചു. തലസ്ഥാനത്ത് തീവ്ര രോഗവ്യാപനത്തിന് സാദ്ധ്യതയുണ്ടെന്ന് ജില്ലാ കളക്‌ടർ നവ്ജ്യോത് ഖോസ അറിയിച്ചു.

വരുന്ന മൂന്നാഴ്ച‌യ്ക്കുള‌ളിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരും. കൊവിഡ് പ്രതിരോധത്തിനായി പ്രത്യേക കർമ്മപദ്ധതികൾ തയ്യാറാക്കും.അഞ്ച് മേഖലകളായി തിരുവനന്തപുരം ജില്ലയെ തിരിക്കും. ഈ മേഖലകളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും കളക്‌ടർ അറിയിച്ചു. തലസ്ഥാനത്ത് രോഗം ബാധിച്ചതിൽ 95 ശതമാനവും സമ്പർക്ക രോഗികളാണെന്ന് മന്ത്രി കടകംപള‌ളി സുരേന്ദ്രൻ പറഞ്ഞു. 15 ശതമാനം ആളുകൾക്ക് മാത്രമാണ് രോഗലക്ഷണമുള‌ളത്. സമൂഹവ്യാപനം തടയാൻ ലക്ഷ്യമിട്ടാണ് കർമപദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പദ്ധതിപ്രകാരം എല്ലാ വാർഡിലും കൊവിഡ് നിയന്ത്രണ ടീം രൂപീകരിക്കും. പ്രത്യക സന്നദ്ധസേന രൂപീകരിച്ച് രോഗത്തിനെതിരെ പ്രതിരോധ മതിൽ തീർക്കും.

കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ മൂവായിരത്തോളം പുതിയ കൊവിഡ് രോഗികളാണ് ജില്ലയിൽ ഉണ്ടായത്. 12,873 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 7415 പേരുടെ രോഗം ഭേദമായി. 63 പേർ മരണടഞ്ഞു.