game

ന്യൂഡൽഹി : കാലം മാറിയതോടെ കുട്ടികൾക്കും മുതിർന്നവർക്കും ഇന്ന് ഒരു പോലെ ഇഷ്ടപ്പെട്ട ഒന്നാണ് വെർച്വൽ പ്ലേ. മൊബൈൽ ഗെയിംമുകൾ ലോകമെമ്പാടുമുള്ളവരിൽ ചെലുത്തിയിരിക്കുന്നത് വൻ സ്വാധീനമാണ്. അതുകൊണ്ട് തന്നെ ഈ മേഖല ഇന്ന് കോടികണക്കിന് മൂല്യമുള്ള വൻ വ്യവസായം കൂടിയായി മാറിയിരിക്കുകയാണ്. ചിലർ ഒഴിവു സമയങ്ങൾ തള്ളി നീക്കാനും ചിലർ പണം സമ്പാദിക്കാനും വരെ വിവിധ തരം ഗെയിമുകളെ ആശ്രയിക്കുന്നു. ഇന്ന് ഇന്ത്യൻ ജനതയിലുടനീളം വീഡിയോ ഗെയിമുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. വരും വർഷങ്ങളിൽ ഇന്ത്യയിലെ ഗെയിമർമാരുടെ എണ്ണം 300 ദശലക്ഷം കവിയുമെന്നാണ് പഠനങ്ങൾ.

2017ലെ പഠന റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ മൊബൈൽ ഇന്റർനെറ്റ് ഉപഭോഗത്തിൽ വൻ വർദ്ധനവുണ്ടായതായി കണ്ടെത്തിയിരുന്നു. ഇന്റർനെറ്റ് ഉപയോഗം കൂടിയതോടെ നൂതന ഗെയിമുകളിലേക്ക് ആളുകളുടെ ശ്രദ്ധ തിരിയാൻ കാരണമായി. ഇതിൽ 85 ശതമാനം പേരും ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിലൂടെയാണ് ഗെയിമുകളിലേർപ്പെടുന്നതും. ഇത് കമ്പ്യൂട്ടർ ഹാർഡ്‌വെയറുകൾക്കും ലാപ്ടോപ്പുകൾക്കും തിരിച്ചടിയായി. അതുകൊണ്ട് തന്നെ വരും വർഷങ്ങളിൽ ശരാശരി ഗെയിമർമാർക്ക് പോലും ഉതകുന്ന തരത്തിലുള്ള വെർച്വൽ റിയാലിറ്റി ഹാർഡ്‌വെയറുകൾ ഉൾപ്പെടെയുള്ള നൂതന ടെക്നോളജികൾ രംഗത്തെത്തുകയും അതോടെ ഗെയിമിംഗ് മേഖലയിൽ കൂടുതൽ വഴികൾ തുറക്കപ്പെടുകയും ചെയ്യും.

തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ഇന്ത്യൻ ഗെയിമുകൾക്കും വരും വർഷം സ്വീകാര്യത ഏറുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ പ്രാദേശിക ഭാഷകളും സംസ്കാരങ്ങളും ഉൾക്കൊള്ളിച്ചുള്ള ഗെയിമുകൾ രംഗത്തെത്തുന്നതോടെ സാമ്പത്തിക രംഗത്തും മുന്നേറ്റമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡെവലപ്പർമാർ വികസിപ്പിച്ചെടുത്ത ഗെയിമുകളിലേക്ക് കൂടുതൽ പേരുടെയും ശ്രദ്ധയെത്തിക്കാനാണ് രാജ്യം ഇപ്പോൾ ആഗ്രഹിക്കുന്നത്. ഗെയിമിംഗ് മേഖലയിലെ സമ്പദ്‌വ്യവസ്ഥയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമാക്കാനാണ് ഇത്. മാത്രമല്ല അന്താരാഷ്ട്ര നിക്ഷേപകരെയും ഈ മേഖലയിലേക്ക് ആകർഷിക്കാനും കഴിയും.

നിലവിൽ 24 വയസിൽ താഴെയുള്ള യുവാക്കളാണ് ഇന്ത്യയിൽ ഗെയിമുകളുടെ പ്രധാന ആരാധകർ. ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന ഗെയിമിംഗ് സംസ്കാരം ഇപ്പോഴും അതിന്റെ പ്രാരംഭഘട്ടത്തിലാണ്. യു.എസിലും ജപ്പാനിലും കാണുന്നത്ര വിപുലമായ ശ്രേണിയിലേക്ക് ഇന്ത്യൻ ഗെയിമിംഗ് മേഖല കടന്നിട്ടില്ല. എന്നാൽ അത്രത്തോളം വളരാനുള്ള സാദ്ധ്യതകൾ ഇന്ത്യൻ ഗെയിമിംഗ് മേഖലയ്ക്ക് ഉണ്ട്. ഈ വർഷത്തോടെ തന്നെ ഇന്ത്യയിൽ ഗെയിം ഉപഭേക്താക്കളുടെ എണ്ണം 300 ദശലക്ഷം കടക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ ജനത ഗെയിമുകളോട് എത്രത്തോളം തീവ്രമായി ഇടപഴകുന്നു എന്നതിന് തെളിവാണിത്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഗെയിമിംഗിന് ഒരു മൾട്ടി ബില്യൺ വ്യവസായമായി വളരാൻ സാധിക്കുമെന്നുറപ്പാണ്. കൂടുതൽ തദ്ദേശീയ കമ്പനികൾ കൂടി എത്തുന്നതോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ശക്തമായ വരുമാന സ്രോതസ് ആയി മാറാൻ ഗെയിംമിഗ് മേഖലയ്ക്ക് സാധിക്കും.