മലയാളസിനിമയിൽ ഇത് താരപുത്രന്മാരുടെ കാലമാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയമാ'ണ് പ്രണവിന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന പ്രോജക്‌ട്. ലോക്ക്‌ഡൗൺ കാരണം നീണ്ടുപോയ 'കുഞ്ഞാലി മരയ്‌ക്കാർ' റിലീസിന് ഒരുങ്ങുകയാണ്. കൊവിഡിന് തൊട്ടുമുമ്പ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ നിർമ്മാതാവെന്ന നിലയിൽ കൂടി വരവറിയിച്ച ദുൽഖറിനും അൺലോക്കിൽ തിരക്കുകളുടെ ദിനമാണ്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥ പറയുന്ന 'കുറുപ്പ്'ആണ് താരപുത്രന്റെ പുതുതായി പുറത്തിറങ്ങാനുള്ള ചിത്രം. ആടുജീവിതം ഉൾപ്പെടെ കൈനിറയെ പ്രോജക്‌ടുകളാണ് പൃഥ്വിരാജിന് ചെയ്‌ത് തീർക്കാനുള്ളത്. 'ബാക്ക് പാക്ക്', 'ജാക്ക് ആന്റ് ജിൽ' തുടങ്ങി ചിത്രങ്ങളാണ് കാളിദാസ് ജയറാമിന്റേതായി പുറത്തുവരാനിരിക്കുന്നത്. എന്നാൽ ലോക്ക്ഡൗൺ കാലത്ത് ഒരു താരപുത്രനെ തേടിവന്നത് സാക്ഷാൽ നെറ്റ്ഫ്ലിക്സാണ്.
സിനിമ നിർമ്മാണത്തിലും ടെലിഫിലിം നിർമ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്‌സ് നേരിട്ട് നിർമ്മിക്കുന്ന സിനിമയിൽ ആദ്യമായി അഭിനയിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ് താരപുത്രന്. ആമസോണിന് വേണ്ടി ഇദ്ദേഹം ഒരു സിനിമയിൽ അഭിനയിച്ചു. അച്ഛനൊപ്പം ആയിരുന്നു ആമസോൺ ചിത്രത്തിൽ താരപുത്രന്റെ അഭിനയം.
മറ്റാർക്കുമല്ല മലയാളികളുടെ പ്രീയപ്പെട്ട താരം ജയറാമിന്റെ മകൻ കാളിദാസ് ജയറാമിനെയാണ് നെറ്റ്‌ഫ്ലിക്‌സിന്റെ പ്രോജക്‌ട് തേടിയെത്തിയിരിക്കുന്നത്. കേരകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെയാണ് ജയറാമും കുടുംബവും ഇക്കാര്യം പങ്കുവച്ചത്.
'മാർച്ച് 17ന് ശേഷം ഞങ്ങളാരും വീടിന് പുറത്തേക്കിറങ്ങിയിട്ടില്ല. ഇപ്പോൾ അഞ്ചുമാസം കഴിഞ്ഞു. ഇടയ്‌ക്ക് രണ്ട് പരസ്യങ്ങളിൽ അഭിനയിച്ചു. ഞാനും കണ്ണനും കൂടി ആമസോണിന് വേണ്ടി ഒരു സിനിമ ചെയ്‌തു. ഞാനും ഉർവശിയും അതിൽ അതിഥി വേഷമാണ്. കണ്ണനും കല്യാണിയുമാണ് നായകനും നായികയും. ഇറുതി സുട്ര്, സൂരറൈ പോട്ര് എന്നീ ചിത്രങ്ങൾ ഒരുക്കിയ സുധ കൊങ്ങരയാണ് സംവിധാനം ചെയ്‌തത്.' ജയറാം പറഞ്ഞു.
'സുധാമാം നെറ്റ് ഫ്ലിക്‌സിന് വേണ്ടി ചെയ്‌ത സിനിമയിലും ഞാൻ അഭിനയിച്ചു. സെപ്‌തംബറിൽ റിലീസാകും.' കാളിദാസ് ആവേശത്തോടെ പറഞ്ഞപ്പോൾ നെറ്ര് ഫ്ലിക്‌സ് അമേരിക്കയിൽ നിന്ന് നേരിട്ട് നിർമ്മിക്കുന്ന സിനിമയിൽ ആദ്യമായി അഭിനയിക്കാൻ ഭാഗ്യം കിട്ടിയത് കണ്ണനാണ്.' കാളിദാസ് പറഞ്ഞ് തുടങ്ങിയത് ജയറാം പൂരിപ്പിച്ചു.
അഭിമുഖത്തിന്റെ പൂർണരൂപം സെപ്‌തംബർ ലക്കം കേരളകൗമുദി ഫ്ലാഷ് മൂവീസിൽ..