ഓടവള്ളിപ്പിരിപൊട്ടി,മുറ്റത്ത്
മാവിൻ ചുവട്ടിൽ കിടക്കുന്നു
ഓർമതന്നായത്തിൽ, മാമ്പൂ തൊട്ടു,
ആലോലമാടിയ, ആവണിപ്പൊന്നൂഞ്ഞാൽ.
അരിച്ചാന്തിൻ തണുവെഴും
മൗലിയിൽ,തുമ്പപ്പൂതിരുകി.
മഞ്ഞാടചുറ്റി, അത്തക്കളത്തിൽ
ചമഞ്ഞിരുന്നോരോണത്തപ്പൻ
വക്കുടഞ്ഞുകിടപ്പൂ വരാന്തയിൽ.
ചാണകം മെഴുകിയ വെറും നിലത്ത്
നിറമുള്ളമോഹ ഋതുവിരിയും
പൂക്കളം, പകിട്ടകന്നു പരിഹാസ
ദൃശ്യമായടുത്തുകാണവേയുള്ളം
പിടയ്ക്കുന്നു, എവിടെയെന്നോണം?
ഓണവില്ലിൻ താളമയഞ്ഞനെഞ്ചിൽ,
ഉടുക്കിൻശീലുകൾ ശ്രാവണച്ചിന്തുകൾ
പാടാൻ കമ്പിമുറുക്കി,
കാവൽനിന്നില്ല, മഹാമാരിഗ്രസിച്ചു
പകച്ചുഭുവനം, കേൾപ്പൂ വിലാപങ്ങൾ.
മലതുരന്നുനാം കെട്ടിയുയർത്തിയ
സ്വപ്നത്തിന്നിടനാഴിയിലാരോ
പിഞ്ചുപാദത്തളകിലുക്കി നടക്കവേ,
മഴയെടുത്തു മറഞ്ഞു, പ്രാണൻ
വെടിയും നിലയ്ക്കാത്തുടിപ്പുകൾ.
കർക്കടകകരിക്കാടി മൂടിക്കടന്നു
പുലർചിങ്ങപ്പൂവിളികേട്ടു മിഴിവാ
യുണരും പുലരിപ്രതീക്ഷയിലേതോ...
മാവേലിനാടിന്നീണമുരൾച്ചയിന്നിവിടെ
തേങ്ങുന്നു,നിലവിളി ഞരക്കങ്ങൾ.
പണ്ടുകൈമാറിയയോമൽക്കുറുമ്പ്
തിരികെനേടാനൊരുമ്പെടും നേര
മവളില്ല,കിനാവിന്നിലപ്പായയിൽ
വെള്ളപുതച്ചയിളം നിലാവെട്ടവും
ഓട്ടുകിണ്ടിയിൽ ഓർമത്തുടർച്ചയും!
കൊലുസുകെട്ടിയ നീർച്ചോലയിൽ
തെളിനീർത്തണുപ്പിൽ,ചൂടേറും
നിനവുകൾ ചോരവാർന്നു തളംകെട്ടി
കൊത്തിയുടയ്ക്കുന്നു മാറിടം,ജീവന്റെ
നഷ്ടപ്പകലുകളെരിഞ്ഞ യാമങ്ങളിൽ.
അത്തംകറുത്താലും വെളുക്കേണ
മോണമെന്നാരോ കുത്തിനോവിച്ച
മിഥ്യകളിന്നുയിർക്കുന്നു; നീറുന്നു
പെട്ടിമുടിയിലെയിലെക്കണ്ണീർ കയത്തി
ലറ്റുമാതൃത്വമേകാന്തയാത്രയിൽ.
കണ്ണുപൂട്ടിയെഴുതാം, ചങ്കിലെ
ചെന്നിണപ്പാടുതെളിയുംവരെ പാടാം
കുത്തിയൊലിച്ചൊരീനാടിൻ മിടിപ്പു
കളെത്രജീവൻ കവർന്നതെന്നതറിയാതെ;
മടക്കിനൽകാൻ കഴിയില്ലയെങ്കിലും...