ബാങ്കോക്ക്: അടിമുടി നല്ല പഴുത്ത നാരങ്ങായുടെ നിറം. പോരാഞ്ഞിട്ട് കവിളിൽ പിങ്ക് നിറത്തിലുള്ള വട്ടപ്പൊട്ടുകളും... ഉടമസ്ഥയ്ക്ക് പറ്റിയ കൈപ്പിഴയാണ് ' പാവം പൂച്ചകുട്ടിയെ' 'മഞ്ഞൾ പൂച്ചയാക്കിയത്'. സംഗതി സോഷ്യമീഡിയയിൽ വൈറലായി. കുട്ടികളുടെ പ്രിയ കാർട്ടൂൺ കഥാപാത്രത്തെ അനുകരിച്ച് 'ഇതെന്റെ പിക്കാച്ചൂ...' എന്ന മട്ടിൽ കമന്റുകൾ പ്രവഹിക്കുകയാണ്.
ഈ സുന്ദരിപ്പൂച്ച ജന്മനാ ഇങ്ങനെയായിരുന്നില്ല എന്നതാണ് വാസ്തവം. പൂച്ചയുടെ ഉടമയ്ക്ക് പറ്റിയ ഒരു കയ്യബദ്ധമാണ് പൂച്ചയെ ഈ കോലത്തിലാക്കിയത്.
നല്ല തൂവെള്ള നിറമായിരുന്നു തായ്‌ലൻഡിലെ തമ്മപ സുപാമാസിന്റെ പൂച്ചയ്ക്ക്. അടുത്തിടെയാണ് തന്റെ ഓമനപ്പൂച്ചയ്ക്ക് ഒരുതരം ഫംഗസ് രോഗം ബാധിച്ചതായി സുപാമാസിന്റെ ശ്രദ്ധയിൽപ്പെട്ടത്. പൂച്ചയുടെ രോമം ദിനംപ്രതി കൊഴിഞ്ഞു പോകാനും തുടങ്ങി. അണുബാധയ്ക്ക് പ്രകൃത്യാലുള്ള മരുന്നു തേടിയ സുപാമാസ് മഞ്ഞൾ ഫലപ്രദമാണെന്ന് മനസിലാക്കി.
പിന്നെയൊന്നും നോക്കിയില്ല, പൂച്ചയ്ക്ക് സുപാമാസ് മഞ്ഞൾ ലേപനം ചെയ്തു. മഞ്ഞൾക്കറ കഴുകിയാൽ പോകില്ലെന്ന കാര്യം അവർ ഓർത്തില്ല.എങ്ങനെയെങ്കിലും പൂച്ചയുടെ രോഗം മാറണമെന്നായിരുന്നു ഉദ്ദേശ്യം. അവസാനം വെള്ളപ്പൂച്ച മഞ്ഞപ്പൂച്ചയായി.
ചെറിയൊരു വിഷമമുണ്ടായെങ്കിലും സുപാമാസ് തന്റെ പൂച്ചയുടെ ന്യൂ ലുക്ക് ഫോട്ടോകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. രണ്ടു ദിവസത്തിനുള്ളിൽ ഫോട്ടോകൾ വൈറലായി. പലരും പൂച്ചയെ പിക്കാച്ചുവെന്ന് വിശേഷിപ്പിച്ചു. ഹാരിപോട്ടർ ആരാധകർ പ്രശസ്ത മന്ത്രം വരെ കമന്റായി പോസ്റ്റു ചെയ്തു.