us

ബീജിംഗ്: വ്യാപാരത്തർക്കം, കൊവിഡ് മഹാമാരി തുടങ്ങി പല കാര്യങ്ങളിലും അമേരിക്കയും ചൈനയും തമ്മിൽ കൊമ്പുകോർക്കുന്നതിനിടെ ഇരുരാജ്യങ്ങളുടെയും ഉന്നത പ്രതിനിധികൾ ഫോണിൽ സംസാരിച്ചു. ഒന്നാം ഘട്ട സാമ്പത്തിക കരാർ ‘മുന്നോട്ടു കൊണ്ടുപോകാൻ’ തീരുമാനമെടുത്തു. വ്യാപാരത്തർക്കം മുറുകുന്നതിനിടെ ജനുവരിയിലാണ് ചെറിയ സമാധാന നടപടിയായി യു.എസും ചൈനയും ഈ കരാറിലേക്ക് എത്തിയത്.

രണ്ടുവർഷം കൊണ്ട് കാർ മുതൽ യന്ത്രങ്ങൾ വരെയും എണ്ണ മുതൽ കാർഷിക ഉത്പന്നങ്ങൾ വരെയും യു.എസിൽനിന്ന് ഇറക്കുമതി ചെയ്യാനുള്ള 200 ബില്യൺ ഡോളറിന്റെ കരാറാണിത്. എന്നാൽ കൊവിഡ് മഹാമാരി വന്നതോടുകൂടി കരാറിൽ പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു. ഇത്തരം ഉത്പന്നങ്ങളുടെ ചൈനീസ് ഇറക്കുമതിയെയും അതു ബാധിച്ചു.

കരാർ അനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ചൈന നടപടികളെടുക്കുന്നുണ്ടെന്ന് യു.എസ് പറഞ്ഞു. ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നത് ഉറപ്പുവരുത്തുമെന്നും ധനകാര്യ, കാർഷിക മേഖലകളിൽ അമേരിക്കൻ കമ്പനികൾക്കുമേലുള്ള തടസങ്ങൾ മാറ്റുമെന്നും നിർബന്ധിത സാങ്കേതികവിദ്യാ കൈമാറ്റം ഇല്ലാതാക്കുമെന്നും യു.എസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.

അതേസമയം, ഇരുരാജ്യങ്ങളും തമ്മിൽ ‘ക്രിയാത്മകമായ ചർച്ചയാണ്’ ഉണ്ടായതെന്ന് ചൈന വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. കരാർ യാഥാർത്ഥ്യമാക്കാനുള്ള നിബന്ധനകളും പരിതസ്ഥിതിയും കൊണ്ടുവരാനും തീരുമാനമെടുത്തു. ഓരോ ആറു മാസം കൂടുമ്പോഴും ഇക്കാര്യത്തിൽ കൂടിക്കാഴ്ച വേണമെന്നും ആദ്യഘട്ട കരാർ പറയുന്നു.

വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാൻ പ്രചാരണം നടത്തുന്ന യു.എസ് പ്രസി‍ഡന്റ് ഡോണാൾഡ് ട്രംപ് ചൈനയ്ക്കുനേരെ രൂക്ഷമായ ആക്രമണമാണ് അടുത്തിടയായി നടത്തിയിരുന്നത്. ഇതിനാൽത്തന്നെ ആദ്യ ഘട്ട കരാറിന്റെ നടത്തിപ്പും രണ്ടാം ഘട്ട കരാറിൽ രൂപീകരണവും പ്രതിസന്ധിയിലായിരുന്നു.