തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ അതീവ സുരക്ഷാ മേഖലയിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടുത്തം. നിരവധി ഫയലുകൾ കത്തി നശിച്ചതായാണ് വിവരം. അഗ്നിശമന സേന എത്തി തീയണച്ചു. ഷോർട്ട്സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്വർണകടത്ത് കേസിൽ എൻ.ഐ.എയ്‌ക്കും ഇടിയ്‌ക്കും നൽകേണ്ട തെളിവുകൾ സൂക്ഷിക്കുന്നയിടത്താണ് അഗ്നിബാധയുണ്ടായിരിക്കുന്നത്.
സെക്രട്ടേറിയറ്റിലെ അതീവ സുരക്ഷാ മേഖലയിലുണ്ടായ അഗ്നിബാധ അട്ടിമറിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെ തെളിവുകൾ നശിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ സുപ്രധാന രേഖകളൊന്നും നശിച്ചിട്ടില്ലെന്നും റൂംബുക്കിംഗുമായി ബന്ധപ്പെട്ട കുറച്ച് ഫയലുകൾ മാത്രമാണ് നശിച്ചതെന്ന് പൊതുഭരണവകുപ്പ് അഡിഷണൽ സെക്രട്ടറി പി.ഹണി അറിയിച്ചു.
എന്നാൽ മുഖ്യമന്ത്രിക്കും മന്ത്രി കെ.ടി ജലീലിനും എതിരായുളള കേസിനുളള രേഖകൾ അടങ്ങിയ പ്രോട്ടോകോൾ വിഭാഗത്തിലെ ഫയൽ കത്തിയിട്ടില്ലെന്ന അറിയിപ്പൊന്നും ശരിയല്ലെന്നും സംഭവം അട്ടിമറിയാണെന്നും ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു.