ഓണം കേരളത്തിന്റെ മാത്രമല്ല, ബീഹാറുകാരിയായ പായലിന്റേതും കൂടിയാണ്. പായലിനെ അറിയാൻ ബീഹാറിൽ പോകണമെന്നില്ല. പെരുമ്പാവൂർ മാർത്തോമ്മാ വനിതാ കോളേജിൽ നിന്നും ബി.എ ഹിസ്റ്ററി ആൻഡ് ആർക്കിയോളജി പരീക്ഷ എഴുതി എം.ജി. യൂണിവേഴിസിറ്റിയിൽ നിന്നും ഇത്തവണ ഒന്നാം റാങ്ക് നേടിയ മിടുക്കിയാണ് പായൽകുമാരി, ഉത്തരേന്ത്യൻ തൊഴിലാളിയുടെ മകൾ. ജീവിക്കാനായി കേരളത്തിലെത്തിയ ഇതരസംസ്ഥാനതൊഴിലാളികളുടെ അഭിമാനമാണിപ്പോൾ പായൽ. പായലിന് മലയാളനാടിനെക്കുറിച്ച് പറയുമ്പോൾ നൂറുനാവാണ്.
കേരളീയരുടെ ഓണം സ്വന്തം ഹൃദയത്തുടിപ്പ് തന്നെയാണ് ഈ കുടുംബത്തിന്. വിളവെടുപ്പിന്റെ മാത്രമല്ല, സമൃദ്ധിയുടെയും പങ്കുവയ്ക്കലിന്റെയും ആഘോഷമാണ് ഓണം എന്നാണ് പായലിന് പറയാനുള്ളത്. മാവേലിയെക്കുറിച്ചും ഓണത്തിന്റെ ഐതിഹ്യത്തെക്കുറിച്ചും പായലിന് നന്നായി അറിയാം. സ്കൂൾ കാലഘട്ടങ്ങളെല്ലാം കേരളത്തിൽ തന്നെയായിരുന്നു. സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ മലയാളികളായ കൂട്ടുകാരികളോടൊപ്പം ഇഴുകി ചേർന്ന് കേരളീയ വസ്ത്രധാരണത്തോടെ തനി മലയാളി പെൺകുട്ടിയായാണ് പായൽ ഓണാഘോഷങ്ങളിൽ പങ്കെടുത്തിരുന്നത്. കോളേജിൽ കസവുസാരിയുടുത്ത് പൂക്കളമത്സരത്തിൽ കൂട്ടുകാരോടൊപ്പം പങ്കെടുത്തത് എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന പച്ചപ്പിട്ട നിമിഷങ്ങളാണ്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാണ് സ്കൂൾ, കോളേജ് കാലഘട്ടങ്ങളിൽ മലയാളികളായ കൂട്ടുകാരോടൊപ്പം ഓണാഘോഷങ്ങളിൽ പങ്കെടുത്തതിന്റെ ഓർമ്മ. ഇന്ത്യയിലെ മറ്റു ഉത്സവങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഓണഘോഷം എന്നാണ് പായലിന്റെ അഭിപ്രായം. ഓണാഘോഷത്തിന്റെ ഭാഗമായുള്ള വള്ളംകളി, പുലികളി, പൂക്കളമൽസരം, വടംവലി മത്സരം, തൂശനിലയിലുളള ഓണസദ്യ, പാട്ടും ഡാൻസും എന്നിവയെല്ലാം എന്നും മനസിൽ സൂക്ഷിക്കുന്ന സന്തോഷത്തിന്റെ ഓർമകളാണ്. ചിങ്ങമാസത്തിലെ അത്തം നാൾ മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളിൽ താനും ചേട്ടനും അനുജത്തിയും ചേർത്ത് പൂക്കളം ഒരുക്കാറുണ്ടെന്നും തനി മലയാളികളായി താനും സഹോദരങ്ങളും മാറിക്കഴിഞ്ഞെന്നും പായൽ പറയുന്നു.
ബീഹാറിലെ ഷെയ്ക്ക്പുര ജില്ലയിൽ ഗോസായ്മതി ഗ്രാമത്തിലെ പ്രമോദ്കുമാർ, ബിന്ദുദേവി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് പായൽ. 2011ൽ തൊഴിൽ അന്വേഷിച്ച് കേരളത്തിലെത്തിയതാണ് പ്രമോദ് കുമാറും കുടുംബവും. എറണാകുളത്തെ ഒരു പെയിന്റ് കടയിലെ ജോലിക്കാരനാണ് പ്രമോദ് കുമാർ. തൃക്കാക്കരയ്ക്ക് സമീപം കങ്ങരപ്പടിയിൽ താമസമാക്കിയ പ്രമോദ്കുമാർ മൂത്ത മകൻ ആകാശ് കുമാർ, രണ്ടാമത്തെ മകൾ പായൽ, ഇളയ മകൾ പല്ലവികുമാരി എന്നിവരെ ഇടപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ചേർക്കുകയായിരുന്നു. പായൽ 85 ശതമാനം മാർക്കോടെ പത്താം ക്ലാസും 95 ശതമാനം മാർക്കോടെ പ്ലസ് ടുവും നേടി. തുടർന്ന് പെരുമ്പാവൂർ മാർത്തോമ്മാ വനിതാ കോളേജിൽ ബി.എ ഹിസ്റ്ററിക്ക് ചേരുകയായിരുന്നു.
എന്നാൽ മൂന്നുമക്കളുടെയും പഠനച്ചെലവ് താങ്ങാൻ കഴിയാതെ പിതാവ് ബുദ്ധിമുട്ടുന്നത് കണ്ട് സഹോദരങ്ങൾക്ക് വേണ്ടി തന്റെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് തൊഴിൽ അന്വേഷിക്കാൻ തീരുമാനിച്ച പായലിനെ കോളേജ് അധികൃതരാണ് അതിൽ നിന്നും പിന്തിരിപ്പിച്ചത്. കോളേജ് മാനേജ്മെന്റും ചരിത്രവിഭാഗവും നൽകിയ ശക്തമായ മാനസിക പിന്തുണയും സാമ്പത്തിക സഹായങ്ങളുമാണ് പായലിനെ പഠനം തുടരുവാൻ പ്രേരിപ്പിച്ചത്. കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള സഹായങ്ങൾ തന്നെയാണ് തന്റെ വിജയത്തിന് പിന്നിലെ പ്രധാനകാരണമെന്ന് പായൽ പറയുന്നു. ജെ.എൻ.യുവിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യണമെന്നാണ് പായലിന്റെ ആഗ്രഹം. കുടുംബത്തിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും പായലിനെ അലട്ടുന്നതിനാൽ ഉറച്ച ഒരു തീരുമാനം എടുക്കാൻ ഇപ്പോഴും ഈ ബീഹാറുകാരിക്ക് കഴിയുന്നില്ല. മൂത്തസഹോദരനായ ആകാശ് കുമാർ ബി.കോം ബിരുദമെടുത്തതിന് ശേഷം എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി നോക്കുന്നതോടൊപ്പം അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ എം.കോം കറസ്പോണ്ടൻസ് കോഴ്സായി പഠിക്കുകയാണ്. ഇളയസഹോദരി പല്ലവി രണ്ടാം വർഷ ബിരുദവിദ്യാർത്ഥിനിയാണ്.