തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ അതീവ സുരക്ഷാമേഖലയിലെ തീപിടുത്തത്തിൽ തെളിവുനശിപ്പിക്കൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പടെ സംസ്ഥാന നേതാക്കളെ അറസ്‌റ്റ് ചെയ്‌തു. ഇതേ തുടർന്ന് പി.കെ.കൃഷ്‌ണദാസിന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ സെക്രട്ടേറിയറ്ര് പടിക്കൽ പ്രതിഷേധിക്കുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് എന്നിവരെയും പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.
തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്നും സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട സുപ്രധാനമായ നിരവധി ഫയലുകൾ ഉളള പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം അട്ടിമറിയാണെന്ന് നേരത്തെ കെ.സുരേന്ദ്രൻ ആരോപണം ഉന്നയിച്ചു. 'പ്രോട്ടോകോൾ ഓഫീസർ ഷൈൻ ഹക്കിനെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നത്.' കെ.സുരേന്ദ്രൻ പറഞ്ഞു. സ്വർണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്കും മന്ത്രി കെ.ടി ജലീലേക്കും വരുമെന്നായപ്പോൾ സർക്കാർ തന്നെ ഫയലുകൾക്ക് തീയിടുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എൻ.ഐ.എയും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സ്ഥലത്ത് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത എത്തി മാദ്ധ്യമ പ്രവർത്തകരെ പുറത്താക്കി. തീ പിടുത്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു.