
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ പൊളിറ്റിക്കൽ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തിന് പിന്നാലെ കേരളാ ചീഫ് സെക്രട്ടറി വിശ്വാസ് മെഹത സംഭവസ്ഥലത്ത് നേരിട്ടത്തി മാദ്ധ്യമങ്ങളെ ഒഴിപ്പിച്ചു. തീപിടുത്തം ഉണ്ടായി അൽപ്പസമയത്തിന് ശേഷം തന്നെ ചീഫ് സെക്രട്ടറി സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി മാദ്ധ്യമങ്ങളെ പുറത്താക്കിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ആരോപണം ഉയരുകയാണ്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിർണായക ഫയലുകൾ സൂക്ഷിച്ചിരിക്കുന്ന ഓഫീസ് കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായതെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് ചീഫ് സെക്രട്ടറിയുടെ ഈ ഇടപെടൽ. ചീഫ് സെക്രട്ടറിയുടെ ഓഫിസിനു മുകളിലുള്ള നിലയിലെ ഓഫിസിൽ ഇന്ന് 4.45ഓടെയാണ് തീപിടുത്തമുണ്ടായത്.
സംഭവം റിപ്പോർട്ട് ചെയ്യാനായി ആദ്യം എത്തിയ മാദ്ധ്യമപ്രവർത്തകരുടെ ക്യാമറ പിടിച്ചെടുക്കാൻ ശ്രമമുണ്ടായതായും ആരോപണമുണ്ട്. സെക്രട്ടറിയേറ്റിലെ അഗ്നിബാധ ആസൂത്രിതമെന്ന് ബി.ജെ.പിയും സ്വര്‍ണക്കടത്തു കേസിലെ നിര്‍ണായക രേഖകള്‍ നശിപ്പിക്കാനുള്ള ശ്രമമാണു നടന്നതെന്നും ഇക്കാര്യം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
ചീഫ് പ്രോട്ടോകോൾ ഓഫീസിലാണ് കള്ളക്കടത്തുമായി ബന്ധപ്പെട്ട രേഖകൾ ഉണ്ടാവുക. അവിടെ തീപിടുത്തം ഉണ്ടായാൽ അത് തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢലോചനയാണ്. തെളിവുകൾ നശിപ്പിച്ച് കള്ളക്കടത്ത് പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്പിൽ പ്രതിഷേധം സംഘടിപ്പിച്ച ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്.
അതേസമയം, സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് ഓഫീസിലുണ്ടായ തീപിടുത്തത്തില്‍ സുപ്രധാന ഫയലുകള്‍ നശിച്ചിട്ടില്ലെന്ന് അധികൃതര്‍. പ്രോട്ടോക്കോള്‍ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് വിവരം. ഗസ്റ്റ്ഹൗസുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചതെന്നും പ്രോട്ടോക്കോള്‍ വിഭാഗം അറിയിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നും ഗസ്റ്റ്ഹൗസുകളിലെ റൂമുകള്‍ ബുക്ക് ചെയ്യുന്നതിന്റെ ഫയലുകളാണ് നശിച്ചത് മറ്റൊന്നും നശിച്ചിട്ടില്ലെന്നും അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എ. രാജീവൻ പറഞ്ഞു. സുപ്രധാനമായ ഒരു ഫയലും നശിച്ചില്ല. റൂം ബുക്കിംഗുമായി ബന്ധപ്പെട്ടുള്ള ഒരു റാക്കിലെ ഫയല്‍ മാത്രമാണ് നശിച്ചതെന്ന് അഡീഷണല്‍ സെക്രട്ടറി പി. ഹണി പറഞ്ഞു.