mazood

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാർ പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറും അദ്ദേഹത്തിന്റെ സഹോദരങ്ങളായ റൗഫ് അസ്ഗറും മൗലാന മുഹമ്മദ് അമറുമാണെന്ന്‌ വ്യക്തമാക്കുന്ന കുറ്റപത്രം ദേശീയ അന്വേഷണ ഏജൻസി ജമ്മുവിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ചു.

ഭീകരാക്രമണത്തിന്റെ ആസൂത്രണവും പാകിസ്ഥാനിൽ നിന്ന് അത് നടപ്പാക്കിയത് എങ്ങനെയാണെന്നും വിശദീകരിക്കുന്ന 13,000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്‌.

കുറ്റപത്രത്തിൽ 19 തീവ്രവാദികളെയാണ് പ്രതി ചേർത്തിട്ടുള്ളത്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരുടെ കോൾ റെക്കോർഡുകളും വാട്സ്ആപ്പ് ചാറ്റുകളും, സ്ഫോടക വസ്തുക്കളുടെ ഫോട്ടോകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും കോടതിയിൽ സമർപ്പിച്ചു.

പുൽവാമ ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേന വധിച്ച ജെയ്ഷെ കമാൻഡറായ ഉമർ ഫാറൂഖിന്റെ ഫോണിൽ നിന്നാണ് ഈ സുപ്രധാന വിവരങ്ങൾ അന്വേഷണ ഏജൻസി കണ്ടെത്തിയത്. ഭീകരാക്രമണത്തെ പ്രശംസിക്കുന്ന മസൂദ് അസറിന്റെ വീഡിയോയും ശബ്ദ സന്ദേശങ്ങളും ജെയ്ഷെ മുഹമ്മദ് ടെലഗ്രാം ഗ്രൂപ്പിൽ വന്ന പോസ്റ്റുകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. 2019 ഫെബ്രുവരി 14 നാണ്‌ പുൽവാമയിൽ ഇന്ത്യൻ സൈനിക വാഹന വ്യൂഹത്തിന് നേരെ ചാവേർ സ്ഫോടനം നടന്നത്.