ജിദ്ദ: സൗദിയിലെ തുറമുഖ നഗരമായ യാമ്പൂവിൽ ലുലു ഗ്രൂപ്പ് 600 കോടി രൂപ നിക്ഷേപവുമായി ഷോപ്പിംഗ് മാൾ നിർമ്മിക്കും. യാമ്പൂ സൗദി റോയൽ കമ്മിഷന്റെ ടെൻഡർ ലുലുവിന് ലഭിച്ചു. പത്തേക്കറിലാണ് മാൾ ഒരുക്കുന്നത്. ഇതു സംബന്ധിച്ച കരാറിൽ വീഡിയോ കോൺഫറൻസിംഗിലൂടെ കമ്മിഷൻ സി.ഇ.ഒ അദ്നാൻ ബിൻ ആയേഷ് അൽ വാനിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ഒപ്പുവച്ചു.
കമ്മിഷൻ ജനറൽ മാനേജർ സെയ്ദൻ യൂസഫ്, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ലുലു ജിദ്ദ റീജിയണൽ ഡയറക്ടർ റഫീക്ക് മുഹമ്മദ് എന്നിവരും സംബന്ധിച്ചു. ലോകത്തെ ഏറ്രവും വലിയ സിനിമാ ഓപ്പറേറ്രറായ എ.എം.സിയുടെ സാന്നിദ്ധ്യം മാളിലുണ്ടാകും. മാൾ പദ്ധതി പൂർത്തിയാകുന്നതോടെ, 500ലേറെ മലയാളികൾക്ക് ഉൾപ്പെടെ തൊഴിൽ ലഭിക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു. സൗദിയിലെ 17 ഉൾപ്പെടെ 191 ഹൈപ്പർമാർക്കറ്റുകളാണ് വിവിധ രാജ്യങ്ങളിലായി ലുലുവിനുള്ളത്.