മുംബയ് : തന്റെ ബാറ്റുകളുടെ അറ്റകുറ്റപ്പണി നടത്തിയിരുന്ന അഷ്റഫ് ചൗധരിക്ക് അസുഖമാണെന്ന് കേട്ടപ്പോൾതന്നെ ചികിത്സാ സഹായമെത്തിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റർ സച്ചിൻ ടെൻഡുൽക്കർ മാതൃകയായി.
ദീർഘകാലമായി മുംബയ്യിൽ ക്രിക്കറ്റ് ബാറ്റുകളുടെ ഷോപ്പ് നടത്തുന്ന അഷ്റഫ് ചാച്ച എന്ന് വിളിപ്പേരുള്ള അഷ്റഫ് ചൗധരി പ്രമേഹവും ന്യൂമോണിയയും ബാധിച്ച് രണ്ടാഴ്ചയോളമായി ആശുപത്രിയിലാണ്. വിവരമറിഞ്ഞയുടൻ സച്ചിൻആശുപത്രിയിലും കുടുംബാംഗങ്ങളെയും വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. ആശുപത്രിച്ചെലവിനായി വന്ന തുക എത്തിക്കുകയും ചെയ്തു.
മുംബയ്യിലെ ക്രിക്കറ്റ് വൃത്തങ്ങളിൽ സുപരിചതനാണ് അഷ്റഫ്.സച്ചിൻ മാത്രമല്ല വിരാട് കൊഹ്ലിയും സ്റ്റീവൻ സ്മിത്തും ക്രിസ് ഗെയ്ലും കെയ്റോൺ പൊള്ളാഡുമടക്കമുള്ളവർ തങ്ങളുടെ ബാറ്റിന്റെ അറ്റകുറ്റപ്പണികൾക്കായി അഷ്റഫിന്റെ സഹായം തേടിയിരുന്നു. മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര- ഐ.പി.എൽ മത്സരങ്ങൾ നടക്കുമ്പോൾ ഇദ്ദേഹം സ്ഥിരസാന്നിദ്ധ്യമായിരുന്നു.