ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട 19 തീവ്രവാദികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. പ്രധാന പ്രതിയായ മുഹമ്മദ് ഉമർ ഫാറൂഖിന്റെ ഫോണിൽ നിന്നും ലഭിച്ച തെളിവുകളാണ് എൻ.ഐ.എ സംഘത്തിന് കേസിൽ സഹായകരമായത്. ആക്രമണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ , വാട്ട്സാപ്പ് സന്ദേശങ്ങൾ, വീഡിയോസ് എന്നിവ ഫോണിൽ നിന്നും ഫോറൻസിക്ക് സംഘം കണ്ടെത്തിയത് കേസിൽ വഴിത്തിരിവായിരിക്കുകയാണ്.
കഴിഞ്ഞ ഫെബ്രറുവരി 14നാണ് സി.ആർ.പി.എഫ് ജവാന്മാർക്ക് നേരെ പൂൽവാമയിൽ ആക്രമണമുണ്ടായാത്. സ്ഫോടനത്തിൽ അന്ന് 40 ധീരജവാന്മാർ മരണപ്പെട്ടിരുന്നു. എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിൽ ഭീകരാക്രമണത്തിന്റെ സൂത്രധാരനായി പാകിസ്ഥാൻ ആസ്ഥാനമായുള്ള ജയ്ശ്-ഇ-മുഹമ്മദ് മേധാവി മൗലാന മസൂദ് അസ്ഹറിനൊപ്പം സഹോദരന്മാരായ റായൂഫ് അസ്ഗറും മൗലാന മുഹമ്മദ് ഉമ്മറും ഉൾപ്പെട്ടിട്ടുണ്ട്.
ഭീകരാക്രമണത്തിനായി ഗൂഡാലോചന നടത്തിയവരിൽ ഒരാളായ മുഹമ്മദ് ഉമർ ഫാറൂഖിനെ കഴിഞ്ഞ മാർച്ച് 25ന് പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു. ഇയാളിൽ നിന്നും മൊബെെൽ ഫോൺ കണ്ടെടുക്കുകയും തുടർന്ന് ഇത് ഫോറൻസിക്ക് പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തിരുന്നു. ഇതിൽ നിന്നും ലഭിച്ച വിവരങ്ങളാണ് എൻ.ഐ.എ സംഘത്തിന് കേസിൽ കൂടുതൽ സഹായകരമായത്. ഫോണിലെ വാട്ട്സാപ്പ് സന്ദേശങ്ങളിൽ പൂൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ
പങ്കുവച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. സാംബയിലെ നുഴഞ്ഞുകയറ്റം ഉൾപ്പെടെയുളള നിരവധി സെൽഫി ചിത്രങ്ങളാണ് ഫോണിൽ നിന്നും കണ്ടെത്തിയത്.
2019 ഫെബ്രുവരി 6 നാണ് ആദ്യമായി സി.ആർ.പി.എഫ് കോൺവോയിയിൽ തീവ്രവാദികൾ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ ശക്തമായ മഞ്ഞു വീഴ്ച്ചയെ തുടർന്ന് റോഡുകൾ അടച്ചതോടെ ഇവർ പദ്ധതി അന്ന് ഉപേക്ഷിക്കുകയായിരുന്നുവെന്നും ദേശീയ സുരക്ഷാ ഏജൻസി പറഞ്ഞു. ആർ.ഡി.എക്സ് ഉൾപ്പെടെയുള്ള സ്‌ഫോടകവസ്തുക്കളുടെ ചിത്രങ്ങളും ഇവരുടെ ഫോണിൽ നിന്നും കണ്ടെത്തിയിരുന്നു. വാട്ട്സാപ്പിൽ എൻക്രിപ്ഷൻ സവിശേഷത ഉളളതിനാലാണ് തീവ്രവാദികൾ ഇതിലൂടെ ആശയവിനിമയം നടത്തിയതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.