നാഷണൽ ഗാർഡ് ഇറങ്ങി
വിസ്കോസിൻ: കെനോഷ സിറ്റിയിൽ അമേരിക്കൻ പൊലീസിന്റെ വെടിയേറ്റ് ജേക്കബ് ബ്ളേക്ക് എന്ന് കറുത്ത വംശജന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രക്ഷോഭം ശക്തം.
'നീതിയില്ല, സമാധാനമില്ല. അവന്റെ പേര് ജേക്കബ് ബ്ളേക്ക് എന്നാണ്' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ജനം തെരുവിലിറങ്ങി.
കർഫ്യൂ പ്രഖ്യാപിച്ചിട്ടും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. പലയിടത്തും പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.
ക്രമസമാധാനം നിലനിറുത്താനായി വിസ്കോൻസിൻ ഗവർണർ ടോണി എവേർസിന്റെ നിർദ്ദേശപ്രകാരം നഗരത്തിൽ നാഷണൽ ഗാർഡ് ഇറങ്ങി. പൊലീസ് ജനങ്ങൾക്ക് മേൽ കണ്ണീർവാതകം പ്രയോഗിച്ചു. വിസ്കോസിനിൽ പ്രക്ഷോഭകർ പല കെട്ടിടങ്ങൾക്കും തീയിട്ടു. പൊലീസ് ഉദ്യോഗസ്ഥരെ പരസ്യമായി കയ്യേറ്റം ചെയ്തു. പൊലീസുകാർക്ക് നേരെ കല്ലുകളും വാട്ടർ ബോട്ടിലുകളും വലിച്ചെറിഞ്ഞു.
ഞായറാഴ്ച വൈകിട്ടാണ് നിരായുധനായ ജേക്കബ് ബ്ളേക്കിനെ പൊലീസുകാർ ഏഴുതവണ തവണ വെടിവച്ചത്. കാറിനുള്ളിൽ ബ്ളേക്കിന്റെ മക്കൾ നോക്കിനിൽക്കെയാണ് വെടിവയ്പെന്നാണ് റിപ്പോർട്ട്. ഇതിന്റെ വീഡിയോ സാമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ബ്ളേക്കിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
സുതാര്യമായ അന്വേഷണം വേണമെന്ന് ബൈഡൻ
മക്കൾ നോക്കിനിൽക്കെ ജേക്കബ് ബ്ളേക്കിന്റെ നേർക്ക് പൊലീസുകാർ ഏഴുതവണ നിറയൊഴിച്ച സംഭവത്തിൽ പൂർണവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ ആവശ്യപ്പെട്ടു.