ലക്നൗ: വാരണാസിയുടെ 'ഡോം രാജ ' ജഗ്ദീഷ് ചൗധരി അന്തരിച്ചു. ഡോം രാജ എന്നാൽ വാരണാസിയിൽ ശവദാഹം നടത്തുന്ന ഡോമുകളുടെ രാജാവ് എന്നാണ് അർത്ഥം. വാരണാസിയിൽ ആചാരപരമായി ഏറെ പ്രാധാന്യമുള്ള സ്ഥാനമാണ് ഡോം രാജയുടേത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ വാരണാസിയിൽ നിന്നും സ്ഥാനാർത്ഥിയാകാൻ നരേന്ദ്രമോദിയുടെ പേര് നിർദ്ദേശിച്ചവരിൽ ഒരാളാണ് ചൗധരി.
ചൗധരിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. വിശുദ്ധ നഗരമായ വാരണാസിയിലെ അനശ്വരമായ പാരമ്പര്യത്തിന്റെ പ്രതീകമായിരുന്നു ചൗധരിയെന്ന് മോദി പറഞ്ഞു. ചൗധരി കാശിയുടെ ( വാരണാസിയുടെ മറ്റൊരു പേര് ) സംസ്കാരം പാരമ്പര്യസിദ്ധമായി കൊണ്ടുനടന്നയാളാണെന്നും സമൂഹത്തിലെ ഐക്യത്തിനായി ജീവിതകാലം മുഴുവൻ പ്രവർത്തിച്ചതായും ഹിന്ദിയിലുള്ള ട്വീറ്റിൽ മോദി കുറിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചൗധരിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം ഏപ്രിൽ 26ന് വാരണാസി പാർലമെന്റ് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനായി വാരണാസി കളക്ട്രേറ്റിലേക്ക് മോദിയെ അനുഗമിച്ച് ചൗധരിയുമുണ്ടായിരുന്നു. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അനുകൂലിയല്ലെന്ന് ചൗധരി അന്ന് വ്യക്തമാക്കിയിരുന്നു. തന്നോട് മോദിയുടെ സ്ഥാനാർത്ഥിത്വം നിർദ്ദേശിക്കുന്നവരിൽ ഒരാൾ ആകാൻ തയാറാണോ എന്ന് ചോദിച്ചപ്പോൾ അത്ഭുതപ്പെട്ടെന്നും താൻ അതിനായി ഒരു ജോഡി ഷർട്ടും പാന്റും വാങ്ങുകയുമാണ് ചെയ്തതെന്നും ചൗധരി പറഞ്ഞു. വാരണാസിയിലെ മണികർണിക, ഹരിശ്ചന്ദ്ര ഘട്ടുകളിൽ തലമുറകളായി ചിതകത്തിക്കുന്നവരാണ് ചൗധരിയുടെ കുടുംബം. ചൗധരിയാണ് ആയിരത്തിലധികം വരുന്ന ഡോമുകളുടെ തലവൻ. തന്നോട് ആരാണ് മോദിയുടെ നിർദ്ദേശകരിൽ ഒരാളാകുമോ എന്ന് ചോദിച്ചതെന്ന് ചൗധരി ഇതുവരെ ആരോടും വെളിപ്പെടുത്തിയിട്ടില്ല. ചൗധരി വിടവാങ്ങിയതോടെ അക്കാര്യം ഒരു രഹസ്യമായി തന്നെ തുടരും.