മാഡ്രിഡ് : ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിൽ നിന്ന് 8-2 ന്റെ പ്രഹരം ഏറ്റുവാങ്ങിയ ബാഴ്സലോണ ടീമിൽ നിന്ന് ആദ്യം പുറത്തേക്കുപോകുന്നത് ഉറുഗ്വേയൻ സ്ട്രൈക്കർ ലൂയിസ് സുവാരേസാണെന്ന അഭ്യൂഹങ്ങൾ ശരിവച്ച് സ്പാനിഷ് മാദ്ധ്യമങ്ങൾ. താരം ഇതിനകം ക്ളബ് വിട്ടുവെന്നും റിപ്പോർട്ടുകളുണ്ട്.
പുതിയ പരിശീലകൻ റൊണാൾഡ് കൂമാന് കീഴിൽ ഉടച്ചുവാർക്കലിന് ഒരുങ്ങുകയാണ് ബാഴ്സ. പ്രായം കടന്ന പലരെയും വിറ്റുകളയാൻ കൂമാൻ ആലോചിക്കുന്നു. ക്ളബ് നിലനിറുത്താൻ ആഗ്രഹിക്കുന്ന താരങ്ങളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം പ്രസിഡന്റ് ബാർത്തോമ്യൂ പുറത്തുവിട്ടപ്പോൾഅതിൽ സുവാരേസിന്റെ പേര് ഇല്ലായിരുന്നു.
കഴിഞ്ഞ ആറ് വർഷമായി ബാഴ്സലോണയിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു സുവാരേസ്. ക്ളബിന്റെ 13 കിരീടനേട്ടങ്ങളിൽ പങ്കാളിയായ സുവാരേസ് ആൾടൈം ടോപ്പ് സ്കോറർമാരിൽ മെസിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്. 283 മത്സരങ്ങളിൽ നിന്ന് 198 ഗോളുകളാണ് 33കാരനായ താരം ബാഴ്സലോണയ്ക്ക് വേണ്ടി അടിച്ചുകൂട്ടിയിരിക്കുന്നത്. താൻ ബാഴ്സലോണ വിട്ടതായ വാർത്തകളോട് പ്രതികരിക്കാൻ സുവാരേസ് തയ്യാറായില്ല. അതേസമയം ചാമ്പ്യൻസ് ലീഗിലെ തോൽവിയുടെ പേരിൽ ആരെയും പുറത്താക്കുന്നത് ഒരു ക്ളബിനും ഗുണം ചെയ്യില്ലെന്നാണ് കഴിഞ്ഞ ദിവസം ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.
" കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ അയാക്സിനോട് തോറ്റപ്പോൾ ആളുകൾ എന്തൊക്കെയാണ് പറഞ്ഞത്. ടോണിക്രൂസിനെ കളയണം, ലൂക്കാ മൊഡ്രിച്ച് വിരമിക്കണം, സെർജി റാമോസ് ദുരന്തമാണ്... തുടങ്ങി എന്തെല്ലാം കേട്ടു. അവരെയാരെയും പുറത്താക്കിയില്ലല്ലോ? . ഈ സീസണിൽ അവരെല്ലാം നന്നായി കളിച്ചില്ലേ?... റയൽ ലാലിഗ നേടിയില്ലേ...ഒരു സീസൺ കൊണ്ട് ആർക്കും മാർക്കിടരുത്."
- ലൂയിസ് സുവാരേസ്
കൂമാന് റോക്കയെ വേണം
ബാഴ്സലോണയുടെ പുതിയ കോച്ചായി സ്ഥാനമേറ്റ റൊണാൾഡ് കൂമാൻ തന്റെ സഹായിയായി ഇന്ത്യൻ ക്ളബ് ഹൈദരാബാദ് എഫ്.സിയുടെ മുഖ്യകോച്ച് ആൽബർട്ട് റോക്കയെ ക്ഷണിച്ചു.ബാംഗ്ളൂർ എഫ്.സിയുടെ മുൻ കോച്ചായ റോക്ക ഈ ജനുവരിയിലാണ് ഹൈദരാബാദിലെത്തിയത്.
2003 മുതൽ 2008വരെ ബാഴ്സലോണയിൽ ഹോളണ്ടുകാരനായ ഫ്രാങ്ക് റൈക്കാഡിന്റെ സഹായിയായി ജോലി ചെയ്തിരുന്നയാളാണ് റോക്ക. 57കാരനായ ഇദ്ദേഹം 2016ലാണ് ബംഗളുരു എഫ്.സിയിലെത്തിയിരുന്നത്. ക്ളബിനെ എ.എഫ്.സി കപ്പ് ഫൈനലിലെത്തിച്ച് ശ്രദ്ധ നേടി. ഇതേത്തുടർന്നാണ് ഐ.എസ്.എൽ ക്ളബായ ഹൈദരാബാദ് സ്വന്തമാക്കിയത്.
ഹോളണ്ട് ദേശീയ ടീമിൽ തന്റെ സഹായികളായിരുന്ന ആൽഫ്രഡ് ഷ്രൂഡറെയും ഹെൻറിക്ക് ലാർസനെയും കൂമാൻ ബാഴ്സയിലേക്ക് ഒപ്പം കൂട്ടിയിട്ടുണ്ട്.
ലൗതാരോ വന്നേക്കും
ബാഴ്സയ്ക്ക് പുതിയ മുഖം നൽകാൻ ശ്രമിക്കുന്ന കൂമാൻ ആദ്യം കൊണ്ടുവരുന്നത് ഇന്റർമിലാനിൽ നിന്ന് അർജന്റീനിയൻ സ്ട്രൈക്കർ ലൗതാരോ മാർട്ടിനെസിനെ ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ. ജോർഡി ആൽബയെയും 65 ദശലക്ഷം പൗണ്ടും നൽകി ലൗതാരോയെ സ്വന്തമാക്കാനാണ് ബാഴ്സയുടെ ശ്രമം. മാഞ്ചസ്റ്റർ സിറ്റിയും ലൗതാരോയ്ക്ക് വേണ്ടി രംഗത്തുണ്ട്.