tu

സ്വീഡൻ: പഠിത്തത്തിന് നൽകിയ ഇടവേള അവസാനിപ്പിച്ച് താൻ സ്‌കൂളിലേക്ക് മടങ്ങിപ്പോകാനൊരുങ്ങുകയാണെന്ന് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ്. തന്റെ ട്വിറ്റർ പേജിലൂടെയാണ് തുൻബെർഗ് സന്തോഷ വിവരം പങ്കുവച്ചത്.

'സ്‌കൂളിൽ നിന്ന് മാറി നിൽക്കുന്നത് അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഞാൻ തിരിച്ചുപോകുന്നു. എനിക്ക് ഇപ്പോൾ വളരെ സന്തോഷം തോന്നുന്നു.' എന്നാണ് അവർ കുറിച്ചത്. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി ആഗോള തലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ സ്‌കൂൾ പഠനം ഉപേക്ഷിച്ചയാളാണ് ഗ്രേറ്റ. കഴിഞ്ഞ ഒരു വർഷമായി സ്‌കൂളിൽ പോകുന്നില്ലായിരുന്നു. അതേസമയം ഏത് നഗരത്തിലെ സ്‌കൂളിലാണ് താൻ പഠിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഗ്രേറ്റ വ്യക്തമാക്കിയിട്ടില്ല. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂൾ ബഹിഷ്‌കരിച്ച് സ്വീഡിഷ് പാർലമെന്റിന് മുന്നിലിരുന്ന് പ്രതിഷേധിച്ചായിരുന്നു ഗ്രേറ്റയുടെ സമരം. 2018 ൽ തുടങ്ങിയതാണ് ഈ ഒറ്റയാൾ പോരാട്ടം.ആദ്യമാദ്യം ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഗ്രേറ്റയുടെ ഒറ്റയാൾ പോരാട്ടങ്ങൾ പിന്നീട് വിദ്യാർത്ഥികൾ ഏറ്റെടുക്കുകയായിരുന്നു. ഗ്രേറ്റ 2018ലെ യു.എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസിൽ അഭിസംബോധന ചെയ്തു. 2019 ജൂണിൽ ഗ്രേറ്റയെ തേടി ആംനെസ്റ്റി പുരസ്‌കാരമെത്തി.

ഇത് ശരിയല്ല

കോടിക്കണക്കിന് ജനങ്ങളെ മഹാമാരിയും പ്രളയവും ബാധിച്ചിരിക്കുന്ന കാലത്ത് വിദ്യാർത്ഥികളോട് പരീക്ഷയ്‌ക്കെത്താന്‍ പറയുന്നത് ന്യായമല്ലെന്നും ജെ.ഇ.ഇ, നീറ്റ് പ്രവേശന പരീക്ഷകൾ മാറ്റിവക്കാനുള്ള പ്രതിഷേധങ്ങളിൽ താനും പങ്കുചേരുന്നുവെന്ന് ഗ്രേറ്റ ട്വീറ്റ് ചെയ്തു.

രാജ്യത്ത് ജെ.ഇ.ഇ മെയിന്‍ പരീക്ഷ സെപ്തംബർ ആദ്യവാരവും നീറ്റ് പ്രവേശന പരീക്ഷ സെപ്തംബർ 13നും നടത്താനാണ് നിലവിലെ തീരുമാനം. ജെ.ഇ.ഇ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇതിനകം പുറത്തിറക്കി.