തിരുവനന്തപുരം: സെക്രട്ടറിയേറ്റ് കലാപഭൂമിയാക്കാൻ ആസൂത്രിതശ്രമം നടത്തുന്നുവെന്ന് മന്ത്രി ഇ പി ജയരാജൻ. കോൺഗ്രസും ബിജെപിയും വ്യാപകമായ അക്രമം നടത്താൻ ശ്രമിക്കുന്നു. ബിജെപി അദ്ധ്യക്ഷനായ കെ.സുരേന്ദ്രൻ സെക്രട്ടേറിയറ്റിനുളളിൽ ചാടിക്കയറി അക്രമം കാട്ടി. സ്ഥലത്തെ പൊലീസിനെയും ആക്രമിച്ചെന്ന് മന്ത്രി ആരോപിച്ചു.
ഫയലുകൾ കത്തിനശിച്ച സംഭവത്തിൽ സർക്കാർ സമഗ്ര അന്വേഷണം നടത്തുമെന്ന് കരുതുന്നതായി ഇ.പി.ജയരാജൻ അറിയിച്ചു.ആരെങ്കിലും അക്രമത്തിന് ശ്രമിച്ചാൽ അവർക്ക് വഴിയൊരുക്കുകയാണോ പൊലീസ് ചെയ്യേണ്ടതെന്ന് മന്ത്രി
പൊലീസിനെ വിമർശിച്ചു.
വൈകുന്നേരത്തോടെ സെക്രട്ടേറിയേറ്റിലെ അതീവ സുരക്ഷാ മേഖലയിലുളള പ്രോട്ടോകോൾ വിഭാഗം ഓഫീസിൽ നടന്ന തീപിടുത്തത്തിൽ അട്ടിമറിയുണ്ടെന്ന് ആരോപിച്ച് വൈകാതെ കോൺഗ്രസും ബിജെപിയും പ്രതിഷേധവുമായി സ്ഥലത്തെത്തി. ആദ്യം പ്രതിഷേധിച്ച കെ.സുരേന്ദ്രൻ ഉൾപ്പടെ ബിജെപി നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌തു. വൈകാതെ വിവരം അറിഞ്ഞെത്തിയ കോൺഗ്രസ് എം.എൽ.എ വി.എസ്.ശിവകുമാറിനെയും മാദ്ധ്യമ പ്രവർത്തകരെയും സെക്രട്ടേറിയറ്രിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. പിന്നീട് പ്രതിപക്ഷ നേതാവ് ഉൾപ്പടെ നേതാക്കളും യുഡിഎഫിന്റെ മറ്റ് നേതാക്കളും എത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. വൈകാതെ പൊലീസ് ഇവരെ അകത്ത് കയറാൻ അനുവദിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എംഎൽഎമാരായ വി.ടി. ബൽറാം,വി.എസ്.ശിവകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.