ന്യൂഡൽഹി : കൊവിഡിനെതിരെയുള്ള റഷ്യൻ പ്രതിരോധ വാക്സിനായ 'സ്പുട്നിക് V' നായി ഇന്ത്യയും റഷ്യയും തമ്മിൽ ചർച്ചകൾ നടക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വാക്സിനെ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ കൈമാറിയതായി ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. ഓഗസ്‌റ്റ് 11നാണ് റഷ്യൻ പ്രധാനമന്ത്രി വ്ലാഡിമിർ പുടിൻ സ്പുട്നിക് വാക്സിന് അംഗീകാരം നൽകിയത്. ലോകത്ത് ആദ്യമായി ഒരു കൊവിഡ് വാക്സിന് അംഗീകാരം നൽകുന്ന രാജ്യമാണ് റഷ്യ. ഈ മാസം അവസാനത്തോടെ വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കി തുടങ്ങുമെന്നാണ് റഷ്യ പറയുന്നത്. സ്പുട്നികിന്റെ ആദ്യ ബാച്ചിന്റെ ഉത്പാദനം റഷ്യയിൽ പൂർത്തിയാവുകയും ചെയ്തിരുന്നു. അതേ സമയം, തിടുക്കത്തിലുള്ള റഷ്യയുടെ നീക്കത്തിനെതിരെ ഗവേഷകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. റഷ്യൻ വാക്സിൻ എത്രത്തോളം സുരക്ഷിതമാണെന്നും വാക്സിന്റെ ഗവേഷണങ്ങളെ പറ്റിയുള്ള ശാസ്ത്രീയ വിവരങ്ങളും റഷ്യൻ അധികൃതർ വ്യക്തമാക്കണമെന്നാണ് ശാസ്ത്രലോകം ആവശ്യപ്പെടുന്നത്. എന്നാൽ റഷ്യൻ വാക്സിൻ സുരക്ഷിതമാണെന്നും തന്റെ മകളിൽ തന്നെ പരീക്ഷണം നടത്തിയതായും വ്ലാഡിമിർ പുടിൻ പറഞ്ഞിരുന്നു.