തിരുവനന്തപുരം: സംസ്ഥാനത്ത് തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടികൾ തമ്മിലും നേതാക്കന്മാർ തമ്മിലും സീറ്റ്, സ്ഥാനാർത്ഥിക്കാര്യങ്ങളെക്കുറിച്ച് അനൗദ്യോഗിക ചർച്ചകൾക്ക് ചിലയിടങ്ങളിലെങ്കിലും തുടക്കമായി. വടകര നിയമസഭാ സീറ്റിൽ ആർ.എം.പിയെ മത്സരിപ്പിക്കാനാണ് യു.ഡി.എഫ് നീക്കം. മുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസിലെ ചില മുൻനിര നേതാക്കൾ തന്നെയാണ് ആർ.എം.പിക്ക് വടകര സീറ്റ് നൽകണമെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ആർ.എം.പിക്ക് നൽകുന്ന സീറ്റിൽ കെ.കെ രമ വടകരയിൽ സ്ഥാനാർത്ഥിയാകണമെന്നാണ് കോൺഗ്രസ് നേതൃത്വം താത്പര്യപ്പെടുന്നത്. എന്നാൽ, സംസ്ഥാനസെക്രട്ടറി എൻ.വേണുവിനെ സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടി താത്‌പര്യപ്പെടുന്നത് എന്നാണ് ആർ.എം.പി വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ, വടകരയിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം മുന്നണികൾ തമ്മിൽ ഉണ്ടാകുമെന്നിരിക്കെ കെ.കെ രമ സ്ഥാനാർത്ഥിയായി വന്നാൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
കെ.കെ രമയെ സ്ഥാനാർത്ഥിയാക്കുക വഴി അക്രമ രാഷ്ട്രീയത്തിനെതിരെ മലബാറിലെ മണ്ഡലങ്ങളിൽ സി.പി.എമ്മിനെതിരെ പ്രചാരണം നടത്താമെന്നും കോൺഗ്രസ് ക്യാമ്പ് വിലയിരുത്തുന്നു. തൊട്ടടുത്തെ മണ്ഡലങ്ങളിൽ ഇത് ഗുണം ചെയ്‌തേക്കുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. വടകര എം.പിയായ കെ മുരളീധരനും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രമയെ മത്സരിപ്പിക്കുന്നതിനോട് എതിർപ്പില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ പി.ജയരാജനെ വടകരയിൽ തോൽപ്പിക്കാൻ യു.ഡി.എഫിനെ ആർ.എം.പി പിന്തുണച്ചിരുന്നു.
സി.പി.എമ്മിന്റെ ഉറച്ച മണ്ഡലമായിരുന്ന വടകര ലോക്സഭ സീറ്റിൽ 2009 മുതൽ യു.ഡി.എഫാണ് വിജയിക്കുന്നത്. എന്നാൽ, നിയമസഭ സീറ്റ് പിടിക്കാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അവസാന നിമിഷമാണ് ആർ.എം.പി -യു.ഡി.എഫ് ധാരണ വേണ്ടെന്ന് വച്ചത്. 2011ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എൻ.വേണു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. 10,098 വോട്ടുകളാണ് അന്ന് നേടിയത്. 2016ൽ കെ.കെ രമ മത്സരിച്ചപ്പോൾ 20,504 വോട്ടുകൾ നേടി. ഇത്തവണ യു.ഡി.എഫിന്റെ പിന്തുണയോടെ കെ.കെ രമ മത്സരിക്കുകയാണെങ്കിൽ വിജയം ഉറപ്പാണെന്നാണ് കോൺഗ്രസിന്റെ വാദം. എന്നാൽ, യു.ഡി.എഫ് ലേബലിൽ മത്സരിച്ചാൽ വ്യക്തിപരമായും ആശയപരമായും ആക്രമണം നേരിടേണ്ടി വരുമെന്ന് ആർ.എം.പിയിലെ ഒരു വിഭാഗം കരുതുന്നു. എന്നാൽ, ബി.ജെ.പിയെയും സി.പി.എമ്മിനെയും എതിർക്കാൻ ബദൽ എന്ന നിലയിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിൽ തെറ്റില്ലെന്ന് ആർ.എം.പിയിലെ മറുവിഭാഗം വാദിക്കുന്നു.
പ്രത്യയശാസ്ത്രപരമായ യോജിപ്പ് കോൺഗ്രസിനോടില്ലെങ്കിലും താത്കാലിക അടവ് നയം ആർ.എം.പി സ്വീകിരിക്കാനുള്ള സാദ്ധ്യത ഏറെയുണ്ടെന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് 'ഫ്ളാഷി'നോട് വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സീറ്റുകളിൽ ധാരണയുണ്ടാക്കാൻ ആർ.എം.പി-കോൺഗ്രസ് ചർച്ച സെപ്‌തംബറിൽ തന്നെ നടന്നേക്കുമെന്നും സൂചനയുണ്ട്.
''
നിയമസഭാ തിരഞ്ഞെടുപ്പിന് സമയമായിട്ടില്ലല്ലോ. സമയം ആവട്ടെ, നമുക്ക് അപ്പോൾ നോക്കാം. ഇതുവരെ ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ല. എന്താണ് നിയമസഭ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് എന്ന് പാർട്ടി ആലോചിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും ഞങ്ങൾ ചർച്ച ചെയ്‌ത് തീരുമാനിക്കും.
കെ.കെ രമ