തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഉണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിലെ നോർത്ത് ഗേറ്റിലേക്ക് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊലീസിനെതിരെയും സർക്കാരിനെതിരെയും മുദ്രാവാക്യങ്ങളുമായി സമരം ചെയ്ത യൂത്ത് കോൺഗ്രസുകാരെ തടഞ്ഞ ശേഷം ഇവർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
ബാരിക്കേഡ് തകർത്ത് അകത്ത് കടക്കാൻ ശ്രമിച്ചപ്പോഴാണ് ഇവർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. സെക്രട്ടേറിയറ്റിന്റെ കന്റോൺമെന്റ് ഗേറ്റിൽ പ്രതിപക്ഷ നേതാക്കൾ അടക്കം സമരം നടത്തുമ്പോൾ സമാന്തരമായി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ഒത്തുകൂടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം ചെയ്യുന്നുണ്ടായിരുന്നു.
യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ സമരത്തിനിടെ യുവമോർച്ച പ്രവർത്തകർ പ്രതിഷേധ സൂചകമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കാനും തുനിഞ്ഞു. സെക്രട്ടേറിയറ്റ് തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലും പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും ബുധനാഴ്ച കരിദിനമായി ആചരിക്കുമെന്ന് യു.ഡി.എഫ് അറിയിച്ചു. സമാനമായി ബുധനാഴ്ച പ്രതിഷേധ ദിനവും ആചരിക്കും.