സതാംപ്ടൺ : ഇംഗ്ളീഷ് പേസ് ബൗളർ ജെയിംസ് ആൻഡേഴ്സൺ ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റുകൾ തികച്ചു. പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്നലെ പാക് നായകൻ അസ്ഹർ അലിയെ(31) ഇംഗ്ളണ്ട് നായകൻ ജോ റൂട്ടിന്റെ കയ്യിലെത്തിച്ചാണ് ആൻഡേഴ്സൺ നാഴികക്കല്ല് പിന്നിട്ടത്.
തന്റെ 156-ാമത്തെ ടെസ്റ്റിലാണ് ആൻഡേഴ്സൺ ചരിത്ര നേട്ടത്തിലെത്തിയത്. 593 വിക്കറ്റുകളുമായാണ് ആൻഡേഴ്സൺ മൂന്നാം ടെസ്റ്റിനിറങ്ങിയിരുന്നത്. ആദ്യ ടെസ്റ്റിൽ അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിംഗ്സിലെ രണ്ടാമത്തെ ഇരയായിരുന്നു അസ്ഹർ അലി. ആബിദ് അലിയായിരുന്നു ആദ്യ ഇര.
പല ദിവസവും മഴ തടസപ്പടുത്തിയ മത്സരം സമനിലയിൽ കലാശിച്ചു. ആദ്യ ഇന്നിംഗ്സിൽ 583/8 എന്ന സ്കോറിൽ ഡിക്ളയർ ചെയ്ത ഇംഗ്ളണ്ടിനെതിരെ പാകിസ്ഥാൻ 273 റൺസിൽ ആൾഔട്ടായി. തുടർന്ന് ഫോളോവോണിന് ഇറങ്ങിയ പാകിസ്ഥാൻ അഞ്ചാം ദിവസം 187/4 ൽ നിൽക്കവേ സമനില പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ച ഇംഗ്ളണ്ട് 1-0ത്തിന് പരമ്പര നേടി.
ഇംഗ്ളണ്ടിനായി ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയ റെക്കാഡിന് ഉടമയായ ആൻഡേഴ്സൺ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ നാലാമത്തെ അന്താരാഷ്ട്ര ബൗളറുമാണ്.
800 വിക്കറ്റുകൾ നേടിയിട്ടുള്ള ശ്രീലങ്കൻ മാന്ത്രിക സ്പിന്നർ മുത്തയ്യ മുരളീധരനാണ് ഇക്കാര്യത്തിൽ ഒന്നാമൻ.
ആസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷേൻ വാൺ(708), വിഖ്യാത ഇന്ത്യൻ സ്പിന്നർ അനിൽ കുംബ്ളെ(619) എന്നിവരാണ് വിക്കറ്റ് വേട്ടയിൽ ആൻഡേഴ്സണ് മുന്നിലുള്ളത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ പേസ് ബൗളർ ആൻഡേഴ്സണാണ്.
വിൻഡീസിനെതിരായ കഴിഞ്ഞ പരമ്പരയിലാണ് മറ്റൊരു ഇംഗ്ളീഷ് പേസർ സ്റ്റുവർട്ട് ബ്രോഡ് 500 വിക്കറ്റുകൾ തികച്ചത്.
ഇപ്പോൾ 514 വിക്കറ്റുകളുള്ള ബ്രോഡ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ്.
ടോപ്ടെൻ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാർ
( താരം , മത്സരം ,വിക്കറ്റ് ക്രമത്തിൽ )
മുരളീധരൻ 133-800
ഷേൻ വാൺ 145- 708
അനിൽ കുംബ്ളെ 132-619
ആൻഡേഴ്സൺ 156- 600
ഗ്ളെൻ മക്ഗ്രാത്ത് 124- 563
കോട്നി വാൽഷ് 132-519
സ്റ്റുവർട്ട് ബ്രോഡ് 143- 514
ഡേൽ സ്റ്റെയ്ൻ 93-439
കപിൽ ദേവ് 131 -434
രംഗണ ഹെറാത്ത് 93-433