ബീജിംഗ് : ക്ലിനിക്കൽ ട്രയൽ പൂർത്തിയാകുന്നതിനു മുമ്പ് തന്നെ പുറത്തിറക്കിയ റഷ്യൻ വാക്സിൻ ' സ്‌പുട്നിക് V ' നെതിര ആരോഗ്യ മേഖലയിൽ നിന്നും നിരവധി വിമർശനങ്ങളാണുണ്ടാകുന്നത്. എന്നാൽ ഇതാ സ്‌പുട്നികിന് മുന്നേ തന്നെ മറ്റൊരു രാജ്യം ക്ലിനിക്കൽ ട്രയൽ പൂർത്തിയാകുന്നതിന് മുന്നേ തങ്ങളുടെ പരീക്ഷണ വാക്സിൻ ഒരു വിഭാഗം ജനങ്ങൾക്ക് നൽകുകയും ചെയ്തു കഴിഞ്ഞുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. കൊവിഡിന്റെ ഉത്ഭവ കേന്ദ്രമായ ചൈന തന്നെയാണ് തങ്ങളുടെ പരീക്ഷണ വാക്സിന്റെ ഉപയോഗം ആരംഭിച്ചു തുടങ്ങിയത്.
ചൈനയിൽ ജൂലായ് മുതൽ തന്നെ കൊവിഡ് വാക്സിൻ ഉപയോഗിക്കുന്നതായാണ് വെളിപ്പെടുത്തൽ. ആരോഗ്യപ്രവർത്തകർക്കും സൈനികർക്കുമാണ് പരീക്ഷണാടിസ്ഥാനിൽ വാക്സിൻ നൽകിയിരുന്നതെന്നാണ് റിപ്പോർട്ട്. ഒരു ചൈനീസ് ചാനലിലെ പരിപാടിയ്ക്കിടെ ചൈനയുടെ വാക്സിൻ ഡവലപ്പ്മെന്റ് പ്രോഗമിന്റെ തലവൻ ഷെംഗ് ഷോംഗ്‌വെയാണ് വാക്സിനെ പറ്റിയുള്ള വെളിപ്പെടുത്തൽ നടത്തിയത്. ജൂലായ് 22നായിരുന്നു വാക്സിന് അനുമതി നൽകിയത്. ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ ഉദ്യോഗസ്ഥർ, സൈനികർ, സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്കാണ് വാക്സിൻ നൽകുന്നതെന്നും ഷോംഗ്‌വെ പറഞ്ഞു.
സിനോഫാമിന്റെ വാക്സിനാണ് നൽകുന്നത്. ഫുഡ് മാർക്കറ്റ്, ഗതാഗത മേഖലകളിൽ പ്രവർത്തിക്കുന്നവർ തുടങ്ങി സേവന മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും വാക്സിൻ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഷോംഗ്‌വെ പറയുന്നു. എന്നാൽ സിനോഫാം വാക്സിന് പൊതുജനങ്ങൾക്കുള്ള ഉപയോഗത്തിനുള്ള ഔദ്യോഗിക രജിസ്ട്രേഷൻ ചൈന ഇതുവരെ നൽകിയിട്ടില്ല.
റഷ്യയുടെ സ്പുട്നിക് പുറത്തിറങ്ങുന്നതിന് മൂന്ന് ആഴ്ച മുമ്പാണ് ചൈന തങ്ങളുടെ വാക്സിൻ നൽകിത്തുടങ്ങിയത്. അടിയന്തിര ഉപയോഗത്തിനുള്ള പ്രോട്ടോക്കോൾ പ്രകാരമാണ് ഇപ്പോൾ ഇവർക്ക് വാക്സിൻ നൽകുന്നത്. ഇപ്പോൾ ആകെ എത്ര പേർക്കാണ് പരീക്ഷണ വാക്സിൻ നൽകിയത് എന്നത് സംബന്ധിച്ച് ചൈനീസ് അധികൃതർ പ്രതികരിച്ചിട്ടില്ല.