ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13500 കോടി രൂപ തട്ടിയ കേസിലെ പ്രതി നീരവ് മോദിയുടെ ഭാര്യയ്ക്കെതിരെ ഇന്റെർപോൾ റെഡ് കോർണർ നോട്ടീസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യർത്ഥനയെ തുടർന്നാണ് ആമി നീരവ് മോദിക്കെതിരെ ഇന്റെർപോളിന്റെ നടപടി. അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടിന് തുല്യമാണ് റെഡ് കോര്‍ണര്‍ നോട്ടീസ്. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കളളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
റെഡ് കോർണർ നോട്ടീസിൽ പ്രധാനമായും വ്യക്തിയുടെ പേര്, ജനനത്തീയതി, രാജ്യം, മുടിയുടെയും കണ്ണിന്റെയും നിറം, ഫോട്ടോഗ്രാഫുകൾ, വിരലടയാളം എന്നിവയാണ് ഉണ്ടാവുക.റെഡ് കോർണർ നോട്ടീസിൽ പേര് വന്നതോടെ 192 രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആമി മോദിക്ക് ഇനി സ്വതന്ത്രമായി യാത്ര ചെയ്യാനാകില്ല.
അതേസമയം തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നീരവ് മോദി ഇപ്പോൾ ലണ്ടനിലെ ജയിലിൽ കഴിയുകയാണ്. കേസിൽ അന്വേഷണമാരംഭിക്കുന്നതിന് മുമ്പായി 2018 ജനുവരിയിലാണ് ആമി മോദി നീരവ് മോദിക്കും കുംടുംബങ്ങൾക്കുമൊപ്പം ഇന്ത്യ വിടുന്നത്.