ചേർത്തല:സെക്രട്ടേറിയറ്റിലെ തീപിടിത്തം സംബന്ധിച്ച ദുരൂഹതകൾ നീക്കണമെന്നും വിവാദമായ സ്വർണ്ണത്തട്ടിപ്പ് ഫയലുകൾ നശിപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് ഇതിന് പിന്നിലെന്നും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രസ്താവനയിൽ പറഞ്ഞു.
സി.സി.ടി.വി ദൃശ്യങ്ങളും എൻ.ഐ.എ ആവശ്യപ്പെട്ട ഗൗരവമേറിയ ഫയലുകളും സ്വർണ്ണക്കടത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പരിശോധനയ്ക്ക് കൊടുക്കാതെ കേസ് അട്ടിമറിക്കാൻ നടത്തിയ ബോധപൂർവമായ ശ്രമമാണ് തീപിടിത്തത്തിന് പിന്നിലെന്ന ആരോപണം ശക്തമാണ്.
പ്രോട്ടോകോൾ ഓഫീസിലെ മുഴുവൻ ഉദ്യോഗസ്ഥരെയും കൊവിഡിന്റെ പേരിൽ മാറ്റിയ ശേഷമാണ് തീപിടിത്തമുണ്ടായത് എന്നത് ദുരൂഹതകളുടെ ആക്കംകൂട്ടുന്നു.സംസ്ഥാന പൊലീസിനെയും ഉന്നത ഉദ്യോഗസ്ഥരെയും മാറ്റി നിറുത്തി ശാസ്ത്രീയമായ പരിശോധനയിലൂടെ സത്യാവസ്ഥ
ജനങ്ങളെ ബോധിപ്പിക്കാനുള്ള നടപടി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും തുഷാർ ആവശ്യപ്പെട്ടു.