ന്യൂഡൽഹി: 2019 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ രണ്ടായിരത്തിൽ ഒറ്റ നോട്ട് പോലും അച്ചടിച്ചിട്ടില്ലെന്ന് വിവരം. നോട്ടുകൾ അച്ചടിക്കാനുള്ള ഒരു ഓർഡറും ലഭിക്കാത്തതാണ് ഇതിനുള്ള കാരണം. പ്രചാരത്തിലുള്ള 2000ത്തിന്റെ നോട്ടുകളുടെ എണ്ണം കുറയ്ക്കുന്നതിനായാണ് ഇങ്ങനെയൊരു നയമെന്നും വിവരമുണ്ട്.
പ്രചാരത്തിലുള്ള രണ്ടായിരം നോട്ടുകളുടെ ആകെ എണ്ണം 2016-17 കാലഘട്ടത്തിൽ 50 ശതമായിരുന്നെങ്കിൽ 2019-20ലേക്ക് എത്തിയപ്പോഴേക്കും ഇത് 22 ശതമാനമായി കുറഞ്ഞിരുന്നു. ആഗസ്റ്റ് 25ന് പുറത്തിറങ്ങിയ റിസർവ് ബാങ്കിന്റെ 2019-20 വാർഷിക റിപ്പോർട്ടിൽ ഇതുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കിയിട്ടുണ്ട്.
മോശം നോട്ടുകളെന്ന കാരണം വ്യക്തമാക്കിക്കൊണ്ട് നല്ലൊരു ശതമാനം 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് നശിപ്പിച്ചിരുന്നു. 2019 ജനുവരിയിൽ, ആവശ്യമായ അളവിൽ നോട്ടുകൾ പ്രചാരത്തിലുള്ളതുകൊണ്ടും പൊതുജനങ്ങളുടെ കറൻസി വിനിമയ താത്പര്യങ്ങൾ കണക്കിലെടുത്തും രണ്ടായിരം നോട്ടുകളുടെ അച്ചടി നിർത്തുന്നതിനെ കുറിച്ച് കേന്ദ്രം സൂചനകൾ നൽകിയിരുന്നു.
2016 നവംബർ എട്ടിന് കേന്ദ്ര സർക്കാർ 500, 1000 എന്നീ നോട്ടുകളുടെ നാണയമൂല്യം റദ്ദാക്കിയതിനെ തുടർന്നാണ് 2000 നോട്ടുകൾ പ്രചാരത്തിൽ വന്നുതുടങ്ങിയത്. 2017-18 കാലഘട്ടത്തിലാണ് 2000ത്തിന്റെ നോട്ടുകൾ ഏറ്റവും കൂടുതലായി പ്രചാരത്തിൽ ഉണ്ടായിരുന്നു. പിന്നീട്, 2018 മുതൽ രാജ്യത്ത് ഈ നോട്ടുകളുടെ എണ്ണം കുറഞ്ഞുവരികയായിരുന്നു. 2000 രൂപ നോട്ടുകളുടെ വിനിമയം കുറഞ്ഞുവന്നതോടെ പുതിയ 500 രൂപ നോട്ടുകളുടെ പ്രചാരം വൻതോതിൽ വർദ്ധിക്കുകയായിരുന്നു.
പെട്ടെന്നുണ്ടായ നോട്ട് നിരോധന തീരുമാനം കാരണം ഉണ്ടായ വിടവ് നികത്തുന്നതിനായാണ് കേന്ദ്രം 2000 രൂപ നോട്ടുകൾ വൻതോതിൽ അന്ന് പുറത്തിറക്കിയത്. എന്നാൽ പുതിയിലെ 500, 200, 100 നോട്ടുകൾ വൻപിച്ച അളവിൽ രാജ്യത്തെ നോട്ട് വിനിമയം പിടിച്ചടക്കാൻ തുടങ്ങിയതോടെ 2000 നോട്ടുകളുടെ ആവശ്യമില്ലാതായി തീരുന്ന അവസ്ഥയാണ് പിന്നീടുണ്ടായത്.