icmr

ന്യൂഡൽഹി: മാസ്ക് ധരിക്കാത്തവരാണ് രാജ്യത്ത് കൊവിഡ് വൈറസ് വ്യാപിപ്പിക്കുന്നതെന്ന് ഐ.സി.എം.ആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) വിദഗ്ദ്ധർ. രാജ്യത്ത് കൊവിഡ് വ്യാപനം ദിനംപ്രതി ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ഐ.സി.എം.ആർ ഇക്കാര്യം വ്യക്തമാക്കിയത്.

"പ്രായമുളളവരെന്നോ പ്രായം കുറഞ്ഞവരെന്നോ ഞാൻ പറയുന്നില്ല, പക്ഷേ നിരുത്തരവാദമാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മാസ്ക് ധരിക്കാത്തവരാണ് രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നത്." ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ.ബൽറാം ഭാർഗവ പറഞ്ഞു. രാജ്യത്ത് കൊവിഡിനെതിരെയുളള വാക്സിൻ പരീക്ഷണം മൂന്ന് ഘട്ടങ്ങളിലായി തുടർന്ന് വരികയാണെന്നും അദ്ദേഹം അറിയിച്ചു. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിൻ രണ്ടും മൂന്നും ഘട്ടങ്ങളിലാണെന്നും ഭാരത് ബയോടെക്കിന്റെ വാക്സിൻ പരീക്ഷണം ഒന്നാം ഘട്ടം ട്രയൽ പൂർത്തിയാക്കിയതായും അദ്ദേഹം കൂട്ടിചേർത്തു.

അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 31 ലക്ഷം കടന്നു. 58000 ൽ ഏറെ കൂടുതൽ പേർ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെടുകയും ചെയ്തു. 7,04,348 ആക്ടീവ് കൊവിഡ് കേസുകളാണ് രാജ്യത്തുളളത്. അതോടൊപ്പം ഇന്ത്യയിൽ കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. 75.92 ശതമാനം കൊവിഡ് രോഗമുക്തിയാണ് രാജ്യത്ത് രേഖപെടുത്തിയിട്ടുളളത്.