മുംബയ്: സംസ്ഥാന സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുകയെ ചൊല്ലി കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ഭാര്യമാർ തമ്മിൽ തർക്കം. രോഗം മൂലം മരണപ്പെട്ട, മഹാരാഷ്ട്ര റെയിൽവേ പൊലീസ് സേനയിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായിരുന്ന സുരേഷ് ഹഠാൻകാറിന്റെ ആദ്യ ഭാര്യയും രണ്ടാം ഭാര്യയും തമ്മിലാണ് നഷ്ടപരിഹാര തുകയായ 65 ലക്ഷം രൂപയുടെ പേരിൽ തർക്കമുണ്ടായത്. റെയിൽവേയും സംസ്ഥാന സർക്കാരും ചേർന്നാണ് 65 ലക്ഷം രൂപ നൽകുന്നത്. ഹഠാൻകാറിന്റെ കുടുംബ പെൻഷൻ, വിരമിക്കൽ/മരണ ഗ്രാറ്റുവിറ്റി എന്നിവയും ഈ തുകയിൽ പെടും.
1992ലാണ് ഹഠാൻകാർ തന്റെ ആദ്യ ഭാര്യയായ ശുഭദയെ വിവാഹം ചെയ്യുന്നത്. ശേഷം 1998ൽ ഇയാൾ തന്റെ രണ്ടാം ഭാര്യയെ വിവാഹം ചെയ്യുകയും ചെയ്തു. ഹിന്ദു മാര്യേജ് ആക്ട് പ്രകാരമാണ് ഇയര് വിവാഹങ്ങളും രജിസ്റ്റർ ചെയ്തിരുന്നത്. ഇരു ഭാര്യമാർക്കും തങ്ങളുടെ ഭർത്താവ് രണ്ടു വിവാഹം കഴിച്ചിരുന്നതായി അറിയാമായിരുന്നുവെന്നാണ് വിവരം. നഷ്ടപരിഹാരതുകയെച്ചൊല്ലിയുള്ള ഇവരുടെ തർക്കം മൂർച്ഛിച്ചപ്പോൾ രണ്ടാം ഭാര്യയുടെ മകളായ ശ്രദ്ധയാണ് വിഷയത്തിൽ ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
തന്റെ അമ്മയെ പട്ടിണിയിൽ നിന്നും അവർക്ക് പാർപ്പിടം ഇല്ലാതാകുന്നതിൽ നിന്നും രക്ഷിക്കണമെന്നും തുക ഇരു ഭാര്യമാർക്കുമിടയിൽ തുല്യമായി വീതിക്കണമെന്നുമാണ് ശ്രദ്ധ കോടതിയോട് തന്റെ അഭിഭാഷകൻ മുഖാന്തരം കോടതിയോട് അഭ്യർത്ഥിച്ചത്.
സമാനമായ വിഷയം സംബന്ധിച്ച ഹൈക്കോടതിയുടെ ഔറംഗബാദ് ബഞ്ചിന്റെ വിധി സംസ്ഥാന സർക്കാർ ചൂണ്ടികാണിച്ചതോടെ കോടതി നിലപാട് വ്യക്തമാക്കി. ആദ്യഭാര്യക്കാണ് നഷ്ടപരിഹാരത്തിൽ അവകാശമെന്നും എന്നാൽ ഇരുഭാര്യമാരുടെയും മക്കൾക്ക് സ്വത്തിൽ അവകാശമുണ്ടെന്നുമാണ് കോടതി നിലപാട് സ്വീകരിച്ചത്. ഇതനുസരിച്ച് ആദ്യഭാര്യ ശുഭദയുടെ മകൾ സുരഭിക്കും രണ്ടാം ഭാര്യയുടെ മകൾ ശ്രദ്ധക്കും തുകയിൽ അവകാശമുണ്ട്. ഇതോടെ തുക എങ്ങനെ വീതിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ഹഠാൻകാറിന്റെ ഭാര്യമാർ. വ്യാഴാഴ്ചയാണ് കോടതി കേസിന്റെ വിധി പറയുക.