ഡയറ്റ് ശരീരഭാരം കുറയ്‌ക്കാൻ മാത്രമല്ല , ആരോഗ്യകരമായ രീതിയിൽ ഭാരം വർദ്ധിപ്പിക്കാനും കൂടിയാണ്. എന്നാൽ ഭാരം വർദ്ധിപ്പിക്കാനായി പ്രോട്ടീൻ ഫുഡ് , മറ്റ് സപ്ലിമെന്റുകൾ, ഫാസ്റ്റ് ഫുഡ് തുടങ്ങിയവ ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. വീട്ടിലുണ്ടാക്കാവുന്ന ആരോഗ്യകരമായ സ്മൂത്തികൾ, ചോറ്, കാൽസ്യം അടക്കം പോഷകങ്ങൾ തരുന്ന പാൽ, കൊഴുപ്പും പ്രോട്ടീനും അടങ്ങിയിരിക്കുന്ന ബദാം പോലുള്ള നട്‌സ്, തുടങ്ങിയവ കഴിക്കുക.
ധാരാളം അന്നജവും നാരുകളും അടങ്ങിയ ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും ചോളവും ഓട്സും പയറുവർഗങ്ങളും അധിക കലോറി ലഭിക്കാൻ സഹായിക്കുന്നു. അതിനാൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഉണങ്ങിയ പഴങ്ങളിലും ധാരാളം അന്നജവും നാരുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കൊഴുപ്പും പോഷകങ്ങളും അടങ്ങിയ വെണ്ണപ്പഴം കഴിക്കുന്നതും ഭാരം വർദ്ധിപ്പിക്കാൻ സഹായകമാണ്. പാലുത്പന്നങ്ങളും മുട്ടയും കൊഴുപ്പ് അടങ്ങിയ മത്സ്യങ്ങൾ എന്നിവയും നിത്യവും കഴിക്കുക.