pettimudi

ഇടുക്കി: പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി. കന്നിയാറിലെ ജലനിരപ്പ് താഴ്ന്ന ശേഷം നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചിൽ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അഞ്ഞൂറ് അംഗ ദൗത്യസംഘം പത്തൊമ്പത് ദിവസത്തെ തിരച്ചിലിനൊടുവിലാണ് മടങ്ങുന്നത്.

കാണാതായവരുടെ ബന്ധുക്കളുടെ കൂടി അഭിപ്രായ പ്രകാരമാണ് താൽക്കാലികമായി തിരച്ചിൽ അവസാനിപ്പിക്കുന്നത്. അപകടത്തിൽപ്പെട്ട അഞ്ച് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഒരാഴ്ചയ്ക്ക് ശേഷം തിരച്ചിൽ തുടരാനാകുമെന്നാണ് പ്രതീക്ഷ.


ഉരുൾപൊട്ടലിന് കാരണം മേഘവിസ്‌ഫോടനമാകാമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ഈമാസം ആദ്യവാരം രണ്ടായിരം മില്ലിമീറ്റർ മഴയാണ് പെട്ടിമുടിയിൽ പെയ്തത്. ഇതോടൊപ്പം സമീപത്തുള്ള മലയിൽ നിന്നും വെള്ളം കുത്തിയൊലിച്ച് എത്തിയതോടെ ഉരുൾപൊട്ടലുണ്ടായെന്നാണ് വിലയിരുത്തൽ. വളരെ കുറഞ്ഞ സമയത്ത് ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്‌ഫോടനം.