തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഇന്നലെയുണ്ടായ തീപിടിത്തത്തിന്റെ ദുരൂഹത മാറാതെ നിൽക്കുന്നതിനിടെ, വിഷയം സജീവമാക്കി നിറുത്താൻ പ്രതിപക്ഷം നീക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി ഇന്ന് യു.ഡി.എഫ് നേതൃത്വത്തിൽ കരിദിനം ആചരിക്കുന്നുണ്ട്. ബി.ജെ.പിയും വിഷയത്തെ രാഷ്ട്രീയമായി ഏറ്റെടുത്തതോടെ വരും ദിവസങ്ങളിൽ തീപിടുത്തം ആളിക്കത്തിച്ച് അതിന്റെ പ്രതിഷേധത്തീയിൽ സർക്കാരിനെ മുൾമുനയിൽ നിറുത്താനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം. ബി.ജെ.പി ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കുന്നുണ്ട്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ നടന്ന തീപിടിത്തത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇന്ന് മുതിർന്ന യു.ഡി.എഫ് നേതാക്കളുമായി ചർച്ച നടത്തി കൂടുതൽ പ്രക്ഷോഭ പരിപാടികളിലേക്ക് പോകുന്നതും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. സ്വർണക്കടത്ത് കേസിലെ എല്ലാ തെളിവുകളും നശിപ്പിച്ച് പ്രതികളെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന പ്രതിപക്ഷ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് തീപിടിത്തമെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.
എൻ.ഐ.എ വരണം
തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിഷണർ ഡോ.കൗശികന്റെ നേതൃത്വത്തിൽ നാല് ഉദ്യോഗസ്ഥരെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ അന്വേഷണം സ്വീകാര്യമല്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി കഴിഞ്ഞു. മുഖ്യമന്ത്രിക്ക് കീഴിലുള്ള ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ തീപിടിത്തത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തുവരില്ലെന്ന് ചെന്നിത്തല പറഞ്ഞു. അതിനാൽ സംഭവം എൻ.ഐ.എയുടെ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നാണവശ്യം. ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ നിയമവഴി തേടുന്നതും പ്രതിപക്ഷത്തിന്റെ പരിഗണനയിലുണ്ട്.
സ്വർണക്കടത്ത് വിവാദത്തിൽ സർക്കാരിനെതിരെ സമരം ശക്തമാക്കി ആദ്യം മുതൽക്കേ തന്നെ ബി.ജെ.പിയും രംഗത്തുണ്ട്. വരും ദിവസങ്ങളിൽ മുഖ്യമന്ത്രിക്കു നേരെയുള്ള രാഷ്ട്രീയ ആക്രമണം ശക്തമാക്കാൻ തന്നെയാണ് ബി.ജെ.പിയുടെ തീരുമാനം. യുവജന സംഘടനകളെ കൂടി ഉൾപ്പെടുത്തിയുള്ള ശക്തമായ സമരത്തിനാണ് ബി.ജെ.പി ഒരുങ്ങുന്നത്.