secretariat-fire1

തിരുവനന്തപുരം: ഇന്നലെ വൈകിട്ട് തീപിടിത്തമുണ്ടായ സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ അന്വേഷണസംഘങ്ങളുടെ പരിശോധന ആരംഭിച്ചു. സ്പെഷ്യൽ സെൽ എസ് പി അജിത്തിന്റെ നേതൃത്വത്തിലുളള സംഘത്തിനൊപ്പം ചീഫ് സെക്രട്ടറി നിയോഗിച്ച അന്വേഷണസംഘവും ഫോറൻസിക് സംഘവും പരിശോധിക്കുന്നുണ്ട്. ഇന്ന് വൈകിട്ടോടെ സംഭവത്തെക്കുറിച്ച് പ്രാഥമിക റിപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തീപി‌ടിച്ചത് അട്ടിമറിയാണോ എന്ന ആക്ഷേപമാണ് പ്രധാനമായും പരിശോധിക്കുന്നത്.ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് ഇപ്പോഴുളള വിവരം. തീപിടിത്തം വിവാദമായതോടെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ലോക്കൽ പൊലീസിൽ നിന്നും രാത്രി തന്നെ അന്വേഷണം എ ഡി ജി പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏല്പിച്ചിരുന്നു. മനോജ് എബ്രഹാമും ഐ ജി പി വിജയനും ഇന്ന് സെക്രട്ടറിയേറ്റിലെത്തി പരിശോധിക്കും.

സ്വർണക്കടത്ത് കേസടക്കമുളള വിവാദവിഷയങ്ങളുമായി ബന്ധപ്പെട്ട നിർണായക രേഖകളുണ്ടെന്ന് കരുതുന്ന സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ ഇന്നലെ വൈകിട്ടാണ് തീപിടിത്തമുണ്ടായത്. ഇതിൽ നിർണായകമായ നിരവധി ഫയലുകൾ കത്തിച്ചാമ്പലായി എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പ്രധാന ഫയലുകൾ ഒന്നും നശിച്ചിട്ടില്ലെന്നും സർക്കാർ ഗസ്റ്റ്ഹൗസുകളിലെ ബുക്കിംഗുമായി ബന്ധപ്പെട്ട ഫയലുകൾ മാത്രമാണ് നശിച്ചതെന്നുമാണ് അധികൃതർ പറയുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഫലയുകൾ എല്ലാം സുരക്ഷിതാമാണെന്നും അധികൃതർ അറിയിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തെളിവുകൾ നശിപ്പിക്കാൻ ഫയലുകൾക്ക് തീയിട്ടതാണെന്നാണ് പ്രതിപക്ഷവും ബി ജെ പിയും ആരോപിക്കുന്നത്.

അതേസമയം, തീപിടിത്തം ഉണ്ടായതിന് പിന്നാലെ ബി ജെ പി നേതാക്കളും പ്രവർത്തകരും സെക്രട്ടേറിയറ്റിൽ പ്രവേശിച്ചതിൽ പൊലീസിന് വീഴ്ച പറ്റിയതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.