nia

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 19 തീവ്രവാദികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് തലയെടുപ്പോടെ ദേശീയ അന്വേഷണ ഏജൻസി നിൽക്കുമ്പോൾ അത് കേരളത്തിലെ പലരുടേയും ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. സ്വർണക്കടത്ത് കേസിൽ അന്വേഷണം ഊർജ്ജിതമായി നടക്കുമ്പോൾ പുൽവാമയിൽ തീവ്രവാദികളെ കുടുക്കിയ എൻ.ഐ.എ ബ്രില്യൻസ് കേരളത്തിലും ആവർത്തിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. അന്വേഷണത്തിന്റെ ഏതറ്റം വരെയും പോയി എല്ലാ സാങ്കേതിക സഹായങ്ങളും തേടിയുള്ള പരിശോധനയാണ് പുൽവാമ കേസിൽ വിശദമായ കുറ്റപത്രം സമർപ്പിക്കാൻ എൻ.ഐ.എയെ സഹായിച്ചത്. ഇതേ രീതി തന്നെയാകും കേരളത്തിലും എൻ.ഐ.എ പിന്തുടരുക.

സാമ്പത്തിക ക്രമക്കേട് എന്നതിനപ്പുറം ദേശവിരുദ്ധ പ്രവർത്തനത്തിനുള്ള യു.എ.പി.എയാണ് സ്വർണക്കടത്ത് പ്രതികൾക്ക് നേരെ എൻ.ഐ.എ ചുമത്തിയിരിക്കുന്നത്. എത്രത്തോളം ഗൗരവത്തോടെയാണ് കേസിനെ എൻ.ഐ.എ നോക്കികാണുന്നതെന്ന് ഇതിൽ നിന്ന് വ്യക്തം. ചുരുക്കി പറഞ്ഞാൽ പുൽവാമയും സ്വർണക്കടത്തും എൻ.ഐ.എക്ക് ഒരു പോലെ ദേശവിരുദ്ധ പ്രവർത്തനം തന്നെയാണ്. അന്വേഷണത്തിൽ കാശ്‌മീരും കേരളവുമൊന്നും അന്വേഷണസംഘത്തിന് ഒരു പ്രശ്‌നമേയല്ല. സ്വർണക്കടത്ത് വിവാദം ഉയർന്നപ്പോൾ തന്നെ കേന്ദ്രം എൻ.ഐ.എയെ കളത്തിലിറക്കിയതും സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾ സ്വാഗതം ചെയ്‌തതും ഈ വിശ്വാസത്തിന്റെ പുറത്തുതന്നെ.

പുൽവാമയിൽ പ്രധാന പ്രതിയായ മുഹമ്മദ് ഉമർ ഫാറൂഖിന്റെ ഫോണിൽ നിന്നും ലഭിച്ച തെളിവുകളാണ് എൻ.ഐ.എ സംഘത്തിന് കേസിൽ സഹായകരമായത്. ആക്രമണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വാട്സാപ്പ് സന്ദേശങ്ങൾ, വീഡിയോകൾ എന്നിവ ഫോണിൽ നിന്നും ഫോറൻസിക്ക് സംഘം വീണ്ടെടുത്തതാണ് കേസിൽ വഴിത്തിരിവായത്. അതിർത്തി, പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര, കൂട്ടാളികൾ, ബോംബ് നിർമാണ പ്രക്രിയ തുടങ്ങി അനേകം ഫോട്ടോകൾ എൻ.ഐ.എക്ക് കണ്ടെത്താനായി.

സ്വർണക്കടത്തിലും സമാനമായി പ്രതികളുടെ ഫോണുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ടവർ ലൊക്കേഷനുകളാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറിനെ കുടുക്കിയത്. ചോദ്യം ചെയ്യലിനിടെ ശിവശങ്കറിന്റെ മൊബൈൽ അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. പ്രതികളുടെ ഫോണുകൾ കയ്യിലുള്ള എൻ.ഐ.എക്ക് സംസ്ഥാനത്തെ കാര്യങ്ങൾ കൂടുതൽ എളുപ്പത്തിലാകും. സംശയാസ്‌പദമായ ഫോൺ വിളികളുടെയും ചാറ്റുകളുടെയും റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.

ജയ്ഷെ-ഇ-മുഹമ്മദ് നേതൃത്വവുമായി ഫാറൂഖ് നടത്തിയ വാട്‌സാപ്പ് ചാറ്റാണ് പുൽവാമ അന്വേഷണത്തിൽ നിർണായകമായത്. പുൽവാമയ്ക്ക് ശേഷം രണ്ടാമത്തെ ആക്രമണത്തിന് തയ്യാറെടുക്കാൻ നിർദേശങ്ങൾ നൽകുന്നുണ്ടെന്ന് തെളിയിക്കുന്ന സംഭാഷണങ്ങളും എൻ‌.ഐ‌.എ വീണ്ടെടുത്തു. തീവ്രവാദ സംഘത്തിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളും ഏജൻസി കണ്ടെത്തി. പാകിസ്ഥാന്റെ അലൈഡ് ബാങ്ക് ലിമിറ്റഡിലും മീസാൻ ബാങ്കിലും അതിൽ പുൽവാമ ആക്രമണത്തിനുള്ള പണം നിക്ഷേപിച്ചു. പണം കൈമാറുന്നതുമായി ബന്ധപ്പെട്ട സംഭാഷണങ്ങളും എൻ‌.ഐ‌.എ വീണ്ടെടുത്തു. ഫാറൂഖിന്റെ ഫോണിൽ നിന്ന് കണ്ടെടുത്ത സെൽഫികൾ, ഫോട്ടോകൾ, വീഡിയോകൾ, ചാറ്റുകൾ എന്നിവ തീവ്രവാദ ഗൂഢാലോചനയിൽ പാകിസ്ഥാന്റെ ബന്ധം സ്ഥാപിക്കാൻ എൻ‌.ഐ‌.എയെ സഹായിച്ചു.

സ്വർണക്കടത്തിലും ഇതേ രീതിയിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സ്വപ്‌നയുടെ ലോക്കറും അതിലുള്ള കോടികണക്കിന് രൂപയും ശിവശങ്കറിന്റെ ബന്ധവുമെല്ലാം അന്വേഷണവഴിയിൽ കേരളം ചർച്ച ചെയ്‌ത കാര്യങ്ങളാണ്. സ്വ‌പ്‌നയ്ക്കും കേസിലെ മറ്റ് പ്രതികൾക്കും തിരുവനന്തപുരത്തെ വിവിധ സഹകരണ ബാങ്കുകളിലുള്ള നിക്ഷേപവും എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗത്തിനെതിരെ വരെ അന്വേഷണത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കെ വരുംദിവസങ്ങളിൽ എൻ.ഐ.എ സംസ്ഥാനത്ത് കൂടുതൽ പിടിമുറുക്കും. നിഷ്‌പക്ഷമായ അന്വേഷണത്തിലൂടെ ദുരൂഹതകളുടെ പൂട്ട് എൻ.ഐ.എ പൊളിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.