fire

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വകുപ്പിൽ ഇന്നലെയുണ്ടായ തീപിടിത്തത്തെ കുറിച്ച് സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സർക്കാരിനോട് വിവരങ്ങൾ തേടും. സ്വർണക്കടത്ത് കേസിൽ ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കാതിരുന്നതിനെ തുടർന്ന് സെക്രട്ടേറിയറ്റിൽ പരിശോധന നടത്താൻ തയ്യാറെടുക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തെ എൻ.ഐ.എ ഗൗരവമായാണ് കാണുന്നത്. തീപിടിത്തത്തിൽ കത്തിനശിച്ചതിൽ മിക്കതും സ്വർണക്കടത്ത് അന്വേഷണവുമായി ബന്ധമുള്ള ഫയലുകളെന്ന സംശയം എൻ.ഐ.എയ്ക്കുമുണ്ട്. സ്വർണക്കടത്തിന്റെ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി എൻ.ഐ.എയ്ക്ക് ആദ്യം മുതലേ സംശയമുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെ അഡിഷണൽ പ്രോട്ടോക്കോൾ ഓഫീസറെ എൻ.എൻ.ഐ വിളിച്ചുവരുത്തി മൊഴിയെടുത്തിയിരുന്നു. അതിന് പിന്നാലെയുണ്ടായ തീപിടിത്തം ദുരൂഹത വർദ്ധിപ്പിക്കുന്നതാണ്.

കത്തിയോ 'വി.ഐ.പി' ഫയലുകൾ

തീപിടിത്തത്തിൽ കത്തിപ്പോയ ഫയലുകളുടെ ബാക്ക് അപ്പും ഇ-ഫയലും ഇല്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. പേപ്പർ ഫയലുകളാക്കി തന്നെയാണ് ഇവയെല്ലാം സൂക്ഷിച്ചിരുന്നത്. തീപിടിത്തമുണ്ടായ പൊളിറ്റിക്കൽ സെക്ഷനിലെ 2എ ,​ 2 ബി,​ 5 എന്നിവിടങ്ങളിലെ ഫയലുകളാണ് കത്തിനശിച്ചത്. മന്ത്രിമാർ,​ ഉന്നത ഉദ്യോസഗസ്ഥർ എന്നിവരുടെ വിദേശയാത്ര സംബന്ധിച്ച ഫയലുകളാണ് ഇവിടെയുണ്ടായിരുന്നത്. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യാത്രകൾ സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷകളും ഈ വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്. തീപിടിത്തത്തിന്റെ മറവിൽ പൊതുഭരണ വകുപ്പിലെ നിർണായക രേഖകൾ കടത്താൻ ശ്രമമുണ്ടായോ എന്ന സംശയവും ചില ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. അതേസമയം, ഡിപ്ളോമാറ്റിക് ചാനൽ വഴി കൊണ്ടുവരുന്ന ബാഗേജുകൾക്ക് അനുമതി നൽകുന്ന രേഖകൾ ഒന്നും ഇ- ഫയലാക്കിയിട്ടില്ല.

സ്വർണക്കടത്തിന്റെ അന്വേഷണം എൻ.ഐ.എ തുടങ്ങിയതിന് പിന്നാലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ ഒരു വർഷത്തെ ഫയലുകൾ നശിപ്പിച്ചതായി ആരോപണമുയർന്നിരുന്നു. യു.എ.ഇ കോൺസുലേറ്റിലേക്കുള്ള പാഴ്സലുകൾക്ക് നയതന്ത്ര പരിരക്ഷ ലഭിക്കാൻ പ്രോട്ടോക്കോൾ വിഭാഗത്തിൽ നിന്ന് നികുതിയിളവ് സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടോയെന്ന് എൻ.ഐ.എ നേരത്തെ ചോദിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി കോൺസുലേറ്റ് അനുമതി തേടിയിട്ടില്ലെന്നാണ് സർക്കാർ അറിയിച്ചത്. എന്നാൽ ഇതുസംബന്ധിച്ച രേഖകൾ ഒന്നുംതന്നെ സർക്കാർ എൻ.ഐ.എയ്ക്ക് കൈമാറിയിരുന്നില്ല. 2018 വരെ 11 തവണയും ലോക്ക്ഡൗൺ കാലത്ത് 23 തവണയും നയതന്ത്രബാഗ് എത്തിയതിന്റെ വിവരങ്ങൾ കസ്റ്റംസിലുണ്ടെങ്കിലും പ്രോട്ടോക്കോൾ വിഭാഗം രേഖകൾ ഹാജരാക്കിയിട്ടില്ല.