ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജെഇഇ,നീറ്റ് പരീക്ഷകൾ മാറ്റിവയ്ക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കൊപ്പം പ്രതിപക്ഷത്തിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. ഇന്ന് ഉച്ചയ്ക്കാണ് യോഗം ചേരുക.
പ്രതിപക്ഷ ഐക്യം കൂട്ടുക എന്ന ലക്ഷ്യം കൂടി യോഗം വിളിച്ചതിന് പിന്നിലുണ്ടെന്നാണ് സൂചന. എൻ.സി.പിയും കോൺഗ്രസും ചേർന്ന് സഖ്യ സർക്കാരിനെ നയിക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ യോഗത്തിൽ പങ്കെടുക്കാൻ സാദ്ധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ക്ഷണിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും, കേരളത്തിൽ കോൺഗ്രസിൽ നിന്ന് ശക്തമായ എതിർപ്പുണ്ടായിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ യോഗത്തിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം നിരസിച്ചു.
പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മമത ബാനർജി രണ്ടുതവണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.എന്നാൽ രോഗ ഭീതിക്കിടയിലും നീറ്റ്, ജെഇഇ പരീക്ഷകൾ നടത്തുന്നത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നുള്ള സമ്മർദ്ദം കൊണ്ടാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് രൂക്ഷവിമർശനം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
കൊവിഡ് കാലത്ത് ചരക്ക് സേവന നികുതി (ജി.എസ്.ടി) കാരണം വരുമാനനഷ്ടം റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് അജണ്ടയിൽ ഉൾപ്പെടുന്നു. മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന ജി.എസ്.ടി കൗൺസിലിന്റെ യോഗത്തിന് മുന്നോടിയായി കൂട്ടായ നിലപാടെടുക്കാനും യോഗത്തിലൂടെ ലക്ഷ്യമിടുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാർ ജി.എസ്.ടി കൗൺസിലിന്റെ ഭാഗമാണ്. പ്രതിപക്ഷ മുഖ്യമന്ത്രിമാർ സംയുക്തമായി സർക്കാരിൽ നിന്ന് 14 ശതമാനം ജി.എസ്.ടി നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നാണ് സൂചന.