ചെന്നൈ:പീഡിപ്പിക്കാൻ ശ്രമിച്ച സ്വയംപ്രഖ്യാപിത സ്വാമിയായ യുവാവിനെ കരാട്ടെ ബ്ളാക്ക്ബെൽറ്റുകാരിയായ അമേരിക്കൻ യുവതി ഇടിച്ച് പതംവരുത്തി. കരാട്ടെയിൽ കിടിലേൽക്കിടിലമാണെന്നറിയാതെ 'തലാേടി' നോക്കിയതാണ് സ്വാമിക്ക് വിനയായത്.
നാമക്കൽ സ്വദേശി മണികണ്ഠനാണ് യുവതിയുടെ കൈക്കരുത്തിന്റെ ബലമറിഞ്ഞത്. ജാമ്യംകിട്ടി പുറത്തിറങ്ങിയാലും മാസങ്ങളോളം എണ്ണത്തോണിയിൽ കിടക്കേണ്ട അവസ്ഥയിലാണത്രേ ഇയാൾ. അത്രയ്ക്കാണ് യുവതി മണികണ്ഠനെ മർദ്ദിച്ചവശനാക്കിയത്. തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം.
ആത്മീയകാര്യത്തിൽ താത്പര്യമുളള വ്യക്തിയാണ് മുപ്പതുകാരി. ആത്മീയ അന്വേഷണത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെത്തിയത്. തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് കഴിഞ്ഞമാർച്ചിൽ തിരുവണ്ണാമലയിൽ എത്തിയത്. കുറച്ചുദിവസം കഴിഞ്ഞ് മടങ്ങാനായിരുന്നു പദ്ധതി. പക്ഷേ, ലോക്ക്ഡൗൺ യാത്രമുടക്കി. നാട്ടിൽപ്പോകാൻ കഴിയാതെ വന്നതോടെ രമണ മഹർഷിയുടെ ആശ്രമത്തിനും അരുണാചല ക്ഷേത്രത്തിനും സമീപം വീട് വാടകയ്ക്ക് എടുത്തു തനിച്ച് താമസിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം വീടിനുപുറത്തുനിൽക്കുമ്പോഴായിരുന്നു മണികണ്ഠൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. നേരത്തേ ഇയാൾ യുവതിയെ നോട്ടമിട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
താടിയും മുടിയും നീട്ടിവളർത്തി കാക്ഷായ വസ്ത്രങ്ങളും രുദ്രാക്ഷ മാലകളും ധരിച്ച് സന്ന്യാസി ലുക്കുളള മണികണ്ഠൻ തന്റെ പുറകേ നടക്കുന്നത് പലതവണ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും യുവതി കാര്യമാക്കിയില്ല. പെട്ടെന്നുളള ആക്രമണത്തിൽ പകച്ചുപോയെങ്കിലും ധൈര്യം വീണ്ടെടുത്ത യുവതി പ്രത്യാക്രമണം തുടങ്ങി. ഇതിനിടെ യുവതിയെ വീട്ടിനുളളിലേക്ക് വലിച്ചുകൊണ്ടുപോകാനും മണികണ്ഠൻ ശ്രമിച്ചു. പിന്നെ യുവതി മറ്റൊന്നും ചിന്തിച്ചില്ല. കരാട്ടെയിലെ കിടിലൻ കിക്കുകൾ പുറത്തെടുത്തു. തലമുതൽ കാലുവരെ തൊഴിയും ഇടിയും കിട്ടാത്ത സ്ഥലങ്ങൾ അയാളുടെ ശരീരത്തിലുണ്ടായിരുന്നില്ല. ശരിക്കും എന്താണ് സംഭവിച്ചതൊന്നും മണികണ്ഠന് ഓർമ്മയേ ഇല്ല.
സിനിമാസ്റ്റൈൽ രംഗങ്ങൾ കണ്ട് നാട്ടുകാർ എത്തിയെങ്കിലും ആരും മണികണ്ഠനെ സഹായിച്ചില്ല. നാട്ടുകാർ അറിയിച്ചതനുസരിച്ച് എത്തിയ പൊലീസാണ് അടിയേറ്റ് നിലത്തുവീണ മണികണ്ഠനെ ആശുപത്രിയിലാക്കിയത്. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചതുൾപ്പടെയുളള വകുപ്പുകൾ പ്രകാരമാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.