കാസർകോട്: കടൽ രൗദ്രഭാവം പൂണ്ട് കരയിൽ സർവതും നശിപ്പിച്ചാലും കടപ്പുറത്തുള്ള തൃക്കണ്ണാട് ദേവന്റെ മണ്ഡപം ഒരു പോറലും ഇല്ലാതെ നിൽക്കുന്നു.
ജൂലായ്, ആഗസ്റ്റിലാണ് കടലാക്രമണം ശമിക്കുന്നത്. ഇത്തവണയും മണ്ഡപത്തിന്റെ 25 മീറ്റർ അപ്പുറവും ഇപ്പുറവുമായി 25 ഓളം വീടുകൾ കടലെടുത്തു. കടൽ ഭിത്തിയുടെ കരിങ്കല്ലുകൾ തിരമാലകൾ വിഴുങ്ങി. പക്ഷേ, ദേവന്റെ മണ്ഡപം സുരക്ഷിതം.
ആറാട്ട് മഹോത്സവത്തിന് ദേവന്റെ തിടമ്പ് വയ്‌ക്കാൻ നൂറ്റാണ്ടുകൾക്കു മുമ്പ് ചെങ്കല്ലിൽ നിർമ്മിച്ചതാണ് മണ്ഡപം. ആദ്യം തറ മാത്രമായിരുന്നു. 2003ൽ മേൽക്കൂരയോടെ പുതുക്കിപ്പണിതു. അറബിക്കടൽ തീരത്തെ 108 ശിവാലയങ്ങളിൽ ഒന്നാണ് ദക്ഷിണ കാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വാസം. ആലുവ ശിവ ക്ഷേത്രം പോലെ ബലിതർപ്പണത്തിന് പ്രസിദ്ധം.
ക്ഷേത്രത്തിൽ ഉത്സവം നടക്കുമ്പോൾ കപ്പലിൽ പോവുകയായിരുന്ന പാണ്ഡ്യ രാജാവിന്റെ പടയാളികൾ ശത്രുപക്ഷം ആണെന്ന് കരുതി പീരങ്കികൊണ്ട് വെടിവച്ചെന്നും ദൈവകോപത്തിൽ പാണ്ഡ്യ രാജവംശം തകർന്നെന്നും കടലിൽ കല്ലുകൾ കാണുന്ന ഭാഗത്ത് കപ്പലുകൾ തകർന്നതാണെന്നും പഴമക്കാർ പറയുന്നു.
'തിരമാലകൾ നാശം വിതച്ചിട്ടും മണ്ഡപത്തിന് ഒന്നും സംഭവിച്ചില്ല. നൂറ്റാണ്ടുകളായി അങ്ങനെയാണ്'.
--അനിൽകുമാർ കീഴൂർ (തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം )
'തൃക്കണ്ണാട് ദേശത്തെ വിശ്വാസത്തെ എതിർക്കുന്നില്ല. അവിടെ കടലിലുള്ള പാറക്കൂട്ടങ്ങൾ കാരണം തിരമാലയുടെ ശക്തി കുറയുന്നതിനാലാണ് മണ്ഡപത്തിന് പോറലേൽക്കാത്തത്. അതാണ് ശാസ്ത്രീയവശം. പാറക്കൂട്ടങ്ങൾ കടലിലും തീരത്തോട് ചേർന്നും കരയുടെ അടിഭാഗത്തും തള്ളിനിൽക്കുന്നുണ്ട്. മണ്ഡപം കെട്ടിയത് പാറക്കൂട്ടങ്ങളുടെ മുകളിൽ ആയതിനാലും എളുപ്പം പൊളിയില്ല'.
പ്രൊഫ. വി. ഗോപിനാഥ്
(ജിയോളജി വകുപ്പ് മുൻ മേധാവി ഗവ. കോളേജ് കാസർകോട് , കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ)