കുറഞ്ഞ വിലയ്‌ക്ക് കൂടുതൽ ഫീച്ചറുകളുളള ഫോണുകൾ നൽകാൻ സമർത്ഥരാണ് ചൈനീസ് സ്‌മാർട്ട്ഫോൺ കമ്പനികൾ. മറ്റ് വിദേശ രാജ്യങ്ങളിലെ ബ്രാൻഡുകൾ നൽകുന്നതിലും മികച്ച ഫീച്ചറുകൾ അതിനേക്കാൾ വിലക്കുറവിൽ ചൈനീസ് ഫോണുകൾ ലഭ്യമാക്കും. ഷവോമി, റിയൽമി എന്നിവയെല്ലാം അത്തരത്തിൽ ഇന്ത്യയിൽ ജനങ്ങളിൽ വിശ്വസ്‌തമായ ബ്രാൻഡുകളായി മാറി. എന്നാലിപ്പോൾ ഒരു ചൈനീസ് സ്‌മാർട്ട്ഫോൺ കമ്പനി ആ വിശ്വാസ്യത തകർക്കുന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.
ഉപയോക്താക്കളുടെ ഫോണിൽ മാൽവെയർ തനിയെ ഇൻസ്‌റ്രാൾ ചെയ്‌ത് അതുപയോഗിച്ച് പണവും ഉപയോക്താക്കളുടെ മൊബേൽ ഡേറ്റയും ചോർത്തുന്നു എന്നതാണ് പുതിയ വിവരം. ട്രാൻസിഷൻ ഹോൾഡിംഗ്സ് കമ്പനിയുടെ 'ടെക്‌നോ' ബ്രാൻഡ് സ്‌മാർട്ഫോണാണ് ഇത്തരത്തിൽ കുറ്റകൃത്യം ചെയ്‌തിരിക്കുന്നതായി വിവരം ലഭിക്കുന്നത്. ടെക്‌നോ, ഇൻഫിനിക്‌സ് എന്നീ സ്‌മാർട്ട്ഫോണുകൾ ഇന്ത്യയിൽ അത്യാവശ്യം ഉപഭോക്താക്കളുളള ഫോണാണ്. ഇന്ത്യയിലെതിനെക്കാൾ ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഈ കമ്പനി ഫോണുകൾ കൂടുതൽ ഉപയോഗിക്കുന്നത്.
സെക്യുവർ-ഡി എന്ന മൊബൈൽ സെക്യൂരിറ്റി സർവീസ് നടത്തിയ അന്വേഷണത്തിൽ ടെക്‌നോ ഡബ്ളു 2 എന്ന സ്‌മാർട്ട്ഫോണിൽ രണ്ട് മാൽവെയറുകളുണ്ടെന്ന് കണ്ടെത്തി. എക്‌സ് ഹെൽപ്പർ, ട്രൈയാഡ എന്നിവയാണവ. ഇവ ഉപഭോക്താക്കളുടെ ഫോണിൽ പെയ്‌ഡ് സർവീസുകളിൽ തനിയെ സബ്‌സ്ക്രൈബ് ചെയ്യുകയും മൊബൈൽ ഡേറ്റ ഉപയോഗിക്കുകയും ചെയ്‌തു.
മെസേജ് ലഭിച്ചപ്പോൾ മാത്രമാണ് പണവും ഡാറ്റയും ചോർന്ന വിവരം ഉപഭോക്താവ് അറിഞ്ഞത്. എന്നാൽ കമ്പനി ഇത് തളളുകയും വിൽപന നടത്തുന്നവരിൽ കുറ്രം ചാരുകയും ചെയ്തു. സെക്യുവർ-ഡി ഇത്തരത്തിൽ 8,44,000 കളളത്തരങ്ങൾ കമ്പനി നടത്തിയതായി കണ്ടെത്തി അവ തടഞ്ഞു.
മുൻപും ബ്രസീലിലും മ്യാൻമാറിലും വിതരണം ചെയ്യുന്ന സ്‌മാർട്ട്ഫോണുകളിൽ അൽകടെൽ കമ്പനി ഇത്തരത്തിൽ മാൽവെയറുകൾ ഇൻസ്‌റ്രാൾ ചെയ്‌തയായി സെക്യുവർ-ഡി കണ്ടെത്തിയിരുന്നു.