ഇക്കഴിഞ്ഞ ആറുമാസത്തിനുള്ളിൽ എന്തെല്ലാം പുതിയ അവസ്ഥകളോടാണ് നമ്മൾ പൊരുത്തപ്പെട്ടത് ! ദിനംപ്രതി പത്തിരുപതു തവണ സോപ്പ് കൊണ്ട് കൈകഴുകിയും പുറത്തിറങ്ങിയാൽ വായും മൂക്കും മൂടിക്കെട്ടിയും ജീവിക്കാൻ ശീലിച്ചു. ആനക്കുളി കഴിഞ്ഞ് മുതുകത്ത് മണ്ണ് വാരി ഇടുന്നതു പോലെ പുറത്തിറങ്ങാൻ തയ്യാറായിക്കഴിഞ്ഞാൽ നാമിപ്പോൾ മാസ്കെടുത്തു കെട്ടും. ഹസ്തദാനം, ആലിംഗനം ഒക്കെയും അപ്രത്യക്ഷമായി. ഓൺലൈൻ എന്ന സ്വർഗവഴി നമുക്ക് പരിചിതമായി. ആരാധനാലയങ്ങൾ അടഞ്ഞു കിടന്നാലും പ്രാർത്ഥിക്കാൻ ഹൃദയത്തിന്റെ വാതിൽ തുറന്നിട്ടാൽ മതി എന്നും മനസിലായി. വീട്ടുമുറ്റത്തിരുന്നു കൊണ്ട് രാഷ്ട്രീയ പ്രതിഷേധങ്ങൾ നടത്താമെന്നായി. കക്ഷിയും വക്കീലും കോടതിയിൽ ഹാജരാകാതെ കേസുകൾ നടത്താമെന്ന് മനസിലായി. ദൂരസ്ഥലങ്ങൾ സഞ്ചരിച്ച് പ്രസംഗങ്ങൾ നടത്തുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നവർക്ക്, വീട്ടിലിരുന്നും അതേ പ്രഹരശേഷിയിൽ വിഷയാവതരണം നടത്താം എന്ന് ബോദ്ധ്യമായി. പല യാത്രകളും ഒഴിവാക്കാവുന്നവയാണെന്നും ഇപ്പോൾ പിടികിട്ടി. കുറേക്കാലം മുടിവെട്ടിയില്ലെങ്കിലും ബ്യൂട്ടി പാർലറിൽ പോയില്ലെങ്കിലും മുഖകാന്തിക്ക് വലിയ കോട്ടമില്ലെന്നു തിരിച്ചറിഞ്ഞു. (എങ്ങനെ സ്വയം മുടിവെട്ടാമെന്നും പഠിച്ചവരുണ്ട്.)
ചിങ്ങമാസമായതോടെ വിവാഹ മുഹൂർത്തങ്ങൾ സുലഭമായി. വാട്സാപ്പിലും മറ്റുമായി വിവാഹ അറിയിപ്പുകളും വരുന്നുണ്ട്. ചിലർ ഫോണിലൂടെ ക്ഷണിക്കുന്നു. നിയന്ത്രണങ്ങളെക്കുറിച്ച് പരസ്പരം പരിതപിക്കുന്നു. വിവാഹത്തിൽ പങ്കെടുക്കാനാവാത്തതിൽ ആർക്കും ഇപ്പോൾ അപരാധബോധമില്ല. വിവാഹമെന്നത് ഒരു വലിയ ധൂർത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രകടനമായി മാറിപ്പോയ ഒരാപൽഘട്ടത്തിലാണ് നിർബന്ധിത ലാളിത്യത്തിലേക്കു കൊവിഡ് ഭീതി നമ്മളെ പിടിച്ചുകൊണ്ടു പോയത്. അമ്പത് പേർ മാത്രം പങ്കെടുത്താലും വിവാഹം നടത്താം എന്നിപ്പോൾ ബോദ്ധ്യമായി. രണ്ടു വർഷങ്ങൾക്ക് മുമ്പ് ഒരു വ്യവസായിയുടെ മകളുടെ വിവാഹം.
ഗുരുവായൂർ, കൊച്ചി, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലായി നടത്തപ്പെട്ട ഈ വിവാഹ മാമാങ്കത്തിന് എനിക്കുമുണ്ടായിരുന്നു ക്ഷണം. (ഒരു ക്ഷണക്കത്തിന് കുറഞ്ഞത് അഞ്ഞൂറ് രൂപയെങ്കിലും ചെലവായിട്ടുണ്ടാവും.) കൊച്ചിയിലെ സ്വീകരണ ഹാളിൽ അയ്യായിരത്തോളം ക്ഷണിതാക്കളുണ്ടായിരുന്നു. പാർക്കിംഗ് ഗ്രൗണ്ടിൽ മൂവായിരത്തിലേറെ കാറുകളും. ഒരുപാട് സമയമെടുത്തു അകത്തു കയറിക്കിട്ടാൻ. വേദിയിൽ കയറാൻ ശ്രമിച്ചു, ക്യൂവിന്റെ നീളം
കണ്ടപ്പോൾ വേണ്ടെന്നു വച്ചു. എന്നാൽ ആഹാരം കഴിക്കാമെന്നു കരുതി. അവിടെ അതിനേക്കാൾ നീണ്ട നിര. (ഏതായാലും എന്റെ അത്താഴം ഭാരത് ഹോട്ടലിലെ മസാല ദോശയിൽ ഒതുങ്ങി.)
ഒരു ശരാശരി കല്യാണത്തിന് രണ്ടു ഭാഗത്തുമായി രണ്ടായിരത്തോളം ക്ഷണക്കത്തുകൾ വിതരണം ചെയ്യും. എന്ന് വച്ചാൽ കുറഞ്ഞത് മൂവായിരം ആളുകൾ എത്തും. ഒരു വിവാഹം നടത്തിക്കഴിയുമ്പോൾ കോടീശ്വരനല്ലെങ്കിൽ വധുവിന്റെ പാവം പിതാവിന്റെ തോളെല്ല് ഇടിഞ്ഞു താഴും. സ്വർണവില കുത്തനെ ഉയരുമ്പോഴും വിവാഹങ്ങളിൽ മഞ്ഞലോഹത്തിന് സ്ഥാനം കുറയുന്നില്ല. സദ്യയ്ക്കും പുഷ്പാലങ്കാരത്തിനും ഇവന്റ് മാനേജ്മെന്റ് സേവനത്തിനും മറ്റുമായി ചെലവിടുന്ന തുകയ്ക്ക് കണക്കില്ല. ഒരു വിവാഹസദ്യയ്ക്ക് ഇലയിൽ രണ്ടു വരിയായി ഇരുപത്തിനാലു കറികൾ വിളമ്പിയത്രേ. (വയർ ഒന്നേയുള്ളൂ! ) ഓരോ സദ്യ കഴിയുമ്പോഴും മിച്ചം വരുന്ന ഭക്ഷണത്തിന്റെ അളവ് ചെറുതല്ല.
ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിനും കുറവില്ല. ഈ ആഡംബരമൊന്നും പോരാഞ്ഞിട്ട്, ചിലർ സിനിമാ രംഗത്തും മറ്റുമുള്ള സെലിബ്രിറ്റികളെ ക്ഷണിക്കും. പരിചയമൊന്നും ഉണ്ടായിരിക്കില്ല. ആരെങ്കിലും വഴി സമീപിക്കും. ചിലർ പങ്കെടുക്കും. സാന്നിദ്ധ്യത്തിന് തരക്കേടില്ലാത്ത തുക മുൻകൂർ ആയി കൊടുക്കാറുണ്ടെന്നും പറഞ്ഞു കേൾക്കുന്നു. സെലിബ്രിറ്റി സാന്നിദ്ധ്യം വിവാഹത്തിന്റെ നിലവാരം അങ്ങ് ഉയർത്തിക്കളയുമല്ലോ! ഫോട്ടോകളിൽ ആ മുഖം നിറയുമല്ലോ! ആനന്ദലബ്ധിക്കിനിയെന്തു വേണം? രണ്ടു പേർ വിവാഹിതരാകമ്പോൾ ആ ബന്ധത്തിനു സമൂഹത്തിന്റെ അംഗീകാരവും ആശീർവാദവും വേണം. അത് നേടുക എന്നതത്രേ
വിവാഹച്ചടങ്ങിന്റെ സാംഗത്യം. അതിന് ഈ പൊല്ലാപ്പൊക്കെ വേണോ? അയ്യായിരം ക്ഷണിതാക്കളും, വധുവിന്റെ കഴുത്തിൽ ഒരു കിലോ സ്വർണവും, ഭക്ഷണ ധൂർത്തും ആവശ്യമുണ്ടോ? നമ്മൾ ആരൊക്കെയോ ആണെന്ന് ആരെയൊക്കെയോ എന്തിനോ വേണ്ടി ബോദ്ധ്യപ്പെടുത്താൻ കാണിച്ചു കൂട്ടുന്ന ഈ ബാലിശലീല അവസാനിപ്പിക്കാനുള്ള സുവർണാവസരമാണ് കൊവിഡ് പ്രോട്ടോക്കോൾ സമ്മാനിച്ചിരിക്കുന്നത്. രോഗത്തെ നമ്മൾ അതിജീവിക്കുമ്പോഴും, അമ്പത് പേരെ മാത്രം വിവാഹത്തിന് ക്ഷണിക്കുക എന്ന ഈ സൽസ്വഭാവം നമുക്ക് ഉപേക്ഷിക്കാതിരിക്കാം.അത് അംഗീകൃതവും മാന്യവുമായ സാമൂഹ്യ ശീലമാക്കാം. പൊങ്ങച്ചം ഒന്നും നേടുന്നില്ല. (കുറച്ചു പരിഹാസമൊഴികെ.) വിവാഹത്തിന്റെ ഏകാഗ്രതയും ഗൗരവവും ഭംഗപ്പെടുത്താൻ മാത്രമേ ആഡംബരങ്ങൾക്ക് സാധിക്കൂ. പണമുള്ളവരുടെ രീതികൾ അനുകരിച്ച് അത്ര പണമില്ലാത്തവർ കടം വാങ്ങി കാട്ടുന്ന ധൂർത്താണ് അതിലും വലിയ ട്രാജഡി. ഇപ്പോൾ സ്വന്തമാക്കിയ പല ശീലങ്ങളും കൊവിഡിനെ മെരുക്കുന്നതോടെ നമ്മൾ മറന്നു പോയേക്കാം. എന്നാൽ ഈ ശീലം മറക്കാതിരിക്കാം. വാക്സിനും, ലളിത മനോഹര വിവാഹവുമായിരിക്കണം കൊവിഡിന്റെ ബാക്കിപത്രം. കുറെക്കാലം കഴിയുമ്പോൾ, 'പണ്ട് വിവാഹങ്ങൾക്ക് അയ്യായിരം പേരെയൊക്കെ വിളിച്ചിരുന്നുവത്രെ എന്ന് നമ്മുടെ അനന്തരതലമുറ അവിശ്വാസത്തോടെ പറയട്ടെ. അതിനൊരു മഹാമാരി വേണ്ടിവന്നു എന്ന് അവർ ഓർത്താലും ഇല്ലെങ്കിലും.